ശോഭ കരന്ത്‍ലാജെ, തേ​ജ​സ്വി സൂ​ര്യ

വിദ്വേഷം വിതച്ച് വോട്ടുകൊയ്ത താമരപ്പാടം വരണ്ടു; ഇനി ‘ശോഭ യാത്ര’ ബംഗളൂരുവിൽ

ബംഗളൂരു: നട്ടുച്ച വെയിലിലും നനുത്ത തണുപ്പിൽ അനുഭൂതിദായകമാണ് ബംഗളൂരുവിന്റെ അന്തരീക്ഷം. മാനവികതയുടെ ഇഴയടുപ്പം ആൾക്കൂട്ടങ്ങൾക്കിടയിലുണ്ട്. മലയാളി സംഘടനകളടക്കം ജാതിയും മതവും നോക്കാതെ സന്നദ്ധ സേവനങ്ങളിലേർപ്പെടുന്നയിടം. മതാടിസ്ഥാനത്തിൽ ഒരു വിഭാഗം മനുഷ്യരെ മാത്രം ലാക്കാക്കി സംഘ്പരിവാർ സംഘടനകൾ നടത്തുന്ന വിദ്വേഷ പ്രചാരണ രാഷ്ട്രീയത്തിനെതിരെ ‘കാമ്പയിൻ എഗെയ്ൻസ്റ്റ് ഹെയ്റ്റ്’, ബഹുത്വ കർണാടക എന്നിവരൊക്കെ മുന്നിൽനിന്ന് പടനയിക്കുമ്പോൾ അത് ജനാധിപത്യ-മതേതരത്വ നിലനിൽപിനായുള്ള കാഹളമായി മാറുന്നു. കുറച്ചുകാലമായി ബംഗളൂരു നഗരത്തെയും വിദ്വേഷ രാഷ്ട്രീയത്തിലാഴ്ത്താൻ ബി.ജെ.പി തുടങ്ങിവെച്ച ശ്രമങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ അര​ങ്ങേറിയ സംഭവങ്ങൾ.

കർണാടക തീര ജില്ലകളിലെ വിദ്വേഷ രാഷ്ട്രീയത്തിലേക്ക് തലസ്ഥാനത്തെയും തള്ളിയിടാനുള്ള നിയോഗവുമായാണ് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‍ലാജെ ബംഗളൂരു നോർത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങൾ. കോവിഡ് കാലത്ത് മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തി നാണംകെട്ട ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും കരന്ത്‍ലാജെക്ക് കൂട്ടായുണ്ട്.

ബംഗളൂരു കഫേ സ്ഫോടനവുമായി തമിഴരെ അധിക്ഷേപിച്ചതിന് മാപ്പുപറയേണ്ടിവന്നു ശോഭ കരന്ത്‍ലാജെക്ക്. ബാങ്കുവിളി സമയം ഹനുമാൻ സ്തോത്രം ശബ്ദം കൂട്ടി വെച്ചത് ചോദ്യം ചെയ്ത സംഭവവും അവർ മതവിദ്വേഷ ആയുധമാക്കി. അതിനാണ് അക്രമം നടന്നതെന്നുപോലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേരളത്തെയും അവർ അധിക്ഷേപിച്ചു. തീര ജില്ലയിൽ മാപ്പർഹിക്കാത്ത വിദ്വേഷ പ്രചാരണമായിരുന്നു അവരുടെ ശൈലി.

മുസ്‌ലിം ജിഹാദികൾ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ പട്ടികയുമായി അവർ ഒന്നാം മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്ത് ഏറെ ചർച്ചയായിരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ഇടം നേടിയ ഉഡുപ്പി ജില്ലയിൽ കാർക്കള താലൂക്കിൽ ഇഡു ഗ്രാമത്തിലെ അശോക് പൂജാരി (32) ഇപ്പോഴും പാട്ട് കച്ചേരികളിൽ സജീവമായി ജീവിതം നയിക്കുകയാണ്.

മംഗളൂരു കുലശേഖരയിൽ ഗണേശോത്സവത്തിന് പുലികളിക്ക് ചെണ്ട കൊട്ടാനായിരുന്നു 2016 സെപ്റ്റംബർ 20ന് അശോക് പൂജാരി വന്നത്. പരിപാടി കഴിഞ്ഞ് ഷെഡിൽ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് പോവുന്നതിനിടെ എട്ടോടെ ഹണ്ടേലുവിൽ നാലംഗ സംഘം തടഞ്ഞ് ആക്രമിച്ചു. ആ മേഖലയിൽ ചെണ്ടകൊട്ടുന്നവരുടെ വിരോധമായിരുന്നു അക്രമത്തിന് പിന്നിൽ. ഒന്നര മാസം ചികിത്സയിൽ കഴിഞ്ഞ അശോക സുഖം പ്രാപിക്കുകയായിരുന്നു.

2016 സെപ്റ്റംബർ 20ന് ആത്മഹത്യ ചെയ്ത വാമൻ പൂജാരി, സഹോദരി കാവ്യശ്രീ കാമുകൻ ഗൗതമിന് അഞ്ചുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി 2016 ഒക്ടോബർ 22ന് വധിച്ച എൻജിനീയർ കാർത്തിക് രാജ് തുടങ്ങിയവരുടെ പേരുകളും മുസ്‌ലിം തീവ്രവാദികൾ കൊലപ്പെടുത്തിയവരുടെ പട്ടികയിലാണ് ശോഭ ഉൾപ്പെടുത്തിയത്.

വിദ്വേഷം വിതച്ച് വോട്ടുകൾ കൊയ്ത ശോഭ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. വികസനം മറന്ന വിദ്വേഷ പ്രചാരണം മടുത്ത ബി.ജെ.പി അണികൾ ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിൽ ശോഭക്കെതിരെ പരസ്യമായി രംഗത്തിറങ്ങി. ഇതിന്റെ ഫലമാണ് ബംഗളൂരു നോർത്തിലേക്കുള്ള മാറ്റം.

തേജസ്വി സൂര്യയുടെ നിലപാടിനോടുള്ള വിയോജിപ്പുമായി ചിക്ക്പേട്ട മണ്ഡലം ബി.ജെ.പി എം.എൽ.എ ഉദയ് ഗരുഡാചർ രംഗത്തുവന്നു. നഗരപേട്ടയിൽ മൊബൈൽ കടയിലുണ്ടായ സംഭവത്തിന് സാമുദായിക നിറം നൽകിയതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതവിഭാഗങ്ങളും സമാധാനത്തിലും സൗഹാർദത്തിലും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Bengaluru- lok sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.