ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഔട്ട് സോഴ്സ് സേവന വിഭാഗം (ബി.പി.ഒ) മാനേജർമാരെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി 8.90 ലക്ഷം രൂപ തട്ടിയെടുത്ത എട്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്നും പ്രതികളിൽ ഭൂരിഭാഗവും കോലാറിൽനിന്നുള്ളവരാണെന്നും ബംഗളൂരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറ ഫാത്തിമ പറഞ്ഞു.
അറസ്റ്റിലായവരിൽ ഒരാൾ കോലാറിലെ പൊലീസ് കോൺസ്റ്റബിളാണ്. സൈബർ കുറ്റകൃത്യ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ആക്രമികൾ തട്ടിക്കൊണ്ടുപോയി കോലാർ ജില്ലയിൽ മാലൂരിലെ ഒരു സ്ഥലത്ത് ബന്ദികളാക്കിയത്. ബി.പി.ഒ ജീവനക്കാരിൽനിന്ന് അടിയന്തര ഹെൽപ് ലൈൻ 112ൽ പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടപടിയെടുത്തു.
ഡി.സി.പി സാറ ഫാത്തിമ പറയുന്നത്: വെള്ളിയാഴ്ച അർധരാത്രി ഒന്നോടെ പൊലീസുകാരായി വേഷംമാറിയ എട്ട് പേർ കോറമംഗല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി.പി.ഒയിൽ ജോലി ചെയ്യുന്ന നാല് മാനേജർ ലെവൽ ജീവനക്കാരെ അന്വേഷണത്തിനെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി.
സ്ഥാപനത്തിന്റെ ഓപറേഷൻസ് മാനേജർ എന്നയാളോട് പ്രതികളുമായി ബന്ധപ്പെട്ടവരുടെ നാല് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി 8.90 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാനും പണമായി നൽകാനും നിർബന്ധിച്ചു. ശനിയാഴ്ച പുലർച്ച 4.30നാണ് പൊലീസിന് പരാതി ലഭിച്ചത്.
കേസ് അന്വേഷിക്കാൻ നാല് ടീമുകളെ രൂപവത്കരിച്ചു. എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. പ്രതികൾ വ്യത്യസ്ത ജോലികൾ ചെയ്യുന്നവരാണ്. അന്വേഷണം തുടരുകയാണെന്നും ഡി.സി.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.