ബംഗളൂരു: മഹാദേവപുരയിൽ യുവതി ‘ബാധകൾ’ ഒഴിപ്പിക്കാൻ വളർത്തുനായെ കൊന്ന് അഴുകിയ ജഡം ദിവസങ്ങളോളം തന്റെ അപ്പാർട്ട്മെന്റിൽ ഒളിപ്പിച്ചുവെച്ചതായി ആക്ഷേപം. പശ്ചിമ ബംഗാൾ സ്വദേശി ത്രിപർണ പൈക്കിനെതിരെ ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്തു. തന്റെ ലാബ്രഡോർ നായുടെ കഴുത്തറുത്ത് കൊലപ്പെടുത്തി ജഡം തുണിയിൽ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നു.
കെട്ടിടത്തിലെ താമസക്കാർ അസഹനീയമായ ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ദുർഗന്ധത്തിന്റെ ഉറവിടം പരിശോധിക്കാൻ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഉദ്യോഗസ്ഥർ എത്തിയപ്പോൾ താമസക്കാരി പ്രവേശനം തടയാൻ ശ്രമിക്കുകയും സ്വയം ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ് സഹായത്തോടെ അകത്തുകടന്നപ്പോഴാണ് നായുടെ അഴുകിയ അവശിഷ്ടവും രണ്ട് ജീവനുള്ള നായ്ക്കളെയും അധികൃതർ കണ്ടെത്തിയത്. ത്രിപർണക്ക് മുമ്പ് നാല് ലാബ്രഡോറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ ഒന്ന് നാല് മാസം മുമ്പ് വ്യക്തമല്ലാത്ത സാഹചര്യത്തിൽ ചത്തുപോയിരുന്നുവെന്നും പറയുന്നു. നായെ കൊല്ലുന്നത് മന്ത്രവാദവുമായി ബന്ധപ്പെട്ടായിരിക്കാമെന്ന സൂചനകൾ അകത്ത് കണ്ടു. നാല് ദിവസം മുമ്പ് മൃഗം ചത്തതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വായുസഞ്ചാരമില്ലാതെ അടച്ചിട്ടിരുന്ന ഫ്ലാറ്റ് അയൽവാസികൾക്ക് ആരോഗ്യത്തിന് ഹാനികരമായി മാറിയിരുന്നു. മൃഗസംരക്ഷണ ഉദ്യോഗസ്ഥരോടൊപ്പം ബി.ബി.എം.പി അധികൃതർ അതിജീവിച്ച രണ്ട് നായ്ക്കളെ കസ്റ്റഡിയിലെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും ബാധകമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ മൃഗങ്ങളെ പുനരധിവസിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.