ബംഗളൂരു: ബെളഗാവി ജില്ലയിലെ സാന്റി ബസ്തവാദ് ഗ്രാമത്തിൽ ഈദ്ഗാഹിൽ അതിക്രമം കാണിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മൺ യല്ലപ്പ ഉച്ചവാഡെ (30), മുത്തപ്പ ഭർമ ഉച്ചവാഡെ (26), ലക്ഷ്മൺ നാഗപ്പ നായക് (30), ശിവരാജ് യല്ലപ്പ ഗുഡ്ലി (29) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പ്രതികൾ ആരാധനകേന്ദ്രത്തിന്റെ നാല് താഴികക്കുടങ്ങളും സമീപത്തെ ചില ഘടനകളും ഉൾപ്പെടെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തിയിരുന്നെന്ന് ബെളഗാവി പൊലീസ് കമീഷണർ ഇയാഡ മാർട്ടിൻ മാർബനിയാങ്ങി പറഞ്ഞു.
ഖബറുകളും ഫലകങ്ങളും വികൃതമാക്കിയതിലും ഇവർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അവരുടെ കുറ്റസമ്മതത്തെത്തുടർന്നാണ് അറസ്റ്റ്. ‘ഞങ്ങൾ കാര്യമായ തെളിവുകൾ ശേഖരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്’ -കമീഷണർ പറഞ്ഞു.
ഇതേ ഗ്രാമത്തിൽ നിർമാണം നടക്കുന്ന മസ്ജിദിൽനിന്ന് തിങ്കളാഴ്ച രാത്രി ഖുർആൻ ഗ്രന്ഥങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി കത്തിച്ചിരുന്നു. മസ്ജിദിന് സമീപത്തെ വയലിൽനിന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ കരിഞ്ഞ അവശിഷ്ടം കണ്ടെത്തി.
ആക്രമികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇസ് ലാം മത വിശ്വാസികൾ അന്ന് പ്രതിഷേധറാലി നടത്തിയിരുന്നു. കമീഷണറുടെ ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.
എന്നാൽ, ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാത്തതിനാൽ ആയിരക്കണക്കിന് മുസ്ലിംകൾ അണിനിരന്ന പ്രതിഷേധ റാലി ബെളഗാവി നഗരത്തിലെ ചെന്നമ്മ സർക്കിളിൽ സംഘടിപ്പിച്ചു. ഇതേത്തുടർന്ന് കേസ് കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാണിച്ചു എന്നതിന് ബെളഗാവി റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ വകുപ്പുതല അന്വേഷണം വരെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.