ബംഗളൂരു: ആന്റിബയോട്ടിക്കുകളും രാസവസ്തുക്കളും അടങ്ങിയിട്ടില്ലാത്ത ഉന്നതനിലവാരത്തിലുള്ള മാംസവും മത്സ്യവും ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഓൺലൈൻ ബ്രാൻഡ് ആയ ‘ഫ്രഷ് ടു ഹോം’, ആമസോണുമായി സഹകരിച്ചുള്ള സീരീസ് ഡി ഫണ്ടിങ്ങിൽ വൻനേട്ടം കൊയ്തു. ആമസോൺ സംഭവ് വെൻച്വർ ഫണ്ടിങ്ങിലാണ് 862 കോടിയുടെ ( 104 മില്യൺ ഡോളർ) നേട്ടമുണ്ടാക്കിയത്.
ഫ്രഷ് ടു ഹോമിന്റെ നിലവിലെ നിക്ഷേപകരായ അയേൺ പില്ലർ, ഇൻവെസ്റ്റ്കോർപ്, ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ദുബൈ, അസന്റ് കാപിറ്റൽ തുടങ്ങിയവയടക്കമുള്ളവ ഈ ഫണ്ടിങ് റൗണ്ടിൽ പങ്കെടുത്തിരുന്നു. ഇ20 ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, മൗണ്ട് ജുദി വെൻച്വേഴ്സ്, ദല്ലാ അൽബറക എന്നീ നിക്ഷേപകരാണ് പുതുതായി പങ്കെടുത്തത്. നിക്ഷേപസമാഹരണത്തിനുള്ള ഫ്രഷ് ടു ഹോമിന്റെ പ്ലേസ്മെന്റ് ഏജന്റ് ജെ.പി മോർഗൻ ആയിരുന്നു.
പുതിയ നേട്ടത്തിലൂടെ മികച്ചതും രാസവസ്തുക്കൾ ഇല്ലാത്തതുമായ ഇറച്ചിയും മത്സ്യവും മിതമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് കൂടുതലായി എത്തിക്കാൻ കഴിയുമെന്ന് ‘ഫ്രഷ് ടു ഹോം’ അധികൃതർ പറഞ്ഞു. 2015ലാണ് സ്ഥാപനം ആരംഭിച്ചത്. നിലവിൽ ഇന്ത്യയിൽ 160ലധികം നഗരങ്ങൾ, യു.എ.ഇ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ആമസോൺ സംഭവ് വെൻച്വർ ഫണ്ടിങ്ങിലെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ‘ഫ്രഷ് ടു ഹോം’സി.ഇ.ഒയും സഹസ്ഥാപകനുമായ ഷാൻ കടവിൽ പറഞ്ഞു. ഉപഭോക്താക്കൾ നൽകിയ വിശ്വാസ്യതയും ഉൽപന്നത്തിന്റെ ഗുണനിലവാരവുമാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. നാലായിരത്തിലധികം കർഷകരെയും ശാക്തീകരിക്കുന്നു. www.FreshToHome.com ലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽപനക്കായി ഇ-ലേലം നടത്താം.
നൂറുശതമാനവും ഗുണനിലവാരം പരിശോധിച്ച് ദേശീയ അന്തർദേശീയ ഭക്ഷ്യഗുണനിലവാര മാനദണ്ഡം പാലിച്ചാണ് ഫ്രഷ് ടു ഹോമിലൂടെ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.