ബംഗളൂരു: പിടിച്ചെടുത്ത 44.09 കോടി രൂപ വിലമതിക്കുന്ന ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡിനും മാനേജിങ് ഡയറക്ടറും കാർവാർ എം.എൽ.എയുമായ സതീഷ് കൃഷ്ണ സെയിലിനുമെതിരെ ബംഗളൂരു മേഖല എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തു.
കർണാടക ഹൈകോടതിയുടെയും വനം വകുപ്പിന്റെയും നിർദേശങ്ങൾ അവഗണിച്ച് ബെലെക്കേരി തുറമുഖത്ത് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പയിര് നിയമവിരുദ്ധമായി സ്വന്തമാക്കാൻ സെയിൽ മറ്റ് നിരവധി പ്രതികളുമായി ഗൂഢാലോചന നടത്തിയതായി പരാതിയിൽ പറയുന്നു. വിവിധ ഖനന, വ്യാപാര സ്ഥാപനങ്ങളുടെ അയിര് ബെലെക്കേരിയിലെ തുറമുഖ കൺസർവേറ്റർ മഹേഷ് ജെ ബിലിയേയുടെ പങ്കാളിത്തത്തോടെ കയറ്റുമതി ചെയ്തു. ഈ നിയമവിരുദ്ധ ഇടപാടുകൾക്കായി സെയിൽ വിവിധ പ്രതികൾക്ക് ഏകദേശം 46.18 കോടി രൂപ നൽകിയതായും ഇ.ഡി വ്യക്തമാക്കി.
ചൈനയിൽ ഇരുമ്പയിര് വാങ്ങുന്നവർക്ക് നേരിട്ട് കൈമാറുന്നതിനുപകരം ഹോങ്കോങ് ആസ്ഥാനമായുള്ള ജെ.ഐ (ഹെബെയ്) അയൺ ആൻഡ് സ്റ്റീൽ ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് (മുമ്പ് മല്ലികാർജുൻ ഷിപ്പിങ് എച്ച്.കെ ലിമിറ്റഡ്) വഴിയാണ് കയറ്റുമതി ചെയ്തത്. നിയമവിരുദ്ധ കയറ്റുമതിയിൽനിന്നുള്ള വരുമാനം മറച്ചുവെക്കാനും വെളുപ്പിക്കാനുംവേണ്ടിയാണ് ഇതു ചെയ്തതെന്നാണ് ഇ.ഡിയുടെ ആരോപണം.
കമ്പനി 27.07 കോടി രൂപയുടെ കുറ്റകൃത്യ വരുമാനം ഉണ്ടാക്കിയതായും സെയിൽ ഹോങ്കോങ് സ്ഥാപനം വഴി 2.09 കോടി രൂപയുടെ വ്യക്തിപരമായ നേട്ടം കൈവരിച്ചതായും ഏജൻസി പറഞ്ഞു. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക് (ഹോങ്കോങ്), ഹോങ്കോങ്ങിലെ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന (ഐ.സി.ബി.സി) എന്നിവയിൽ ഒന്നിലധികം വിദേശ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിച്ചതായും കോൺഗ്രസ് എം.എൽ.എക്കെതിരെ ആരോപിക്കപ്പെടുന്നു.
കേസിൽ നേരത്തേ നടത്തിയ പരിശോധനയിൽ 1.68 കോടി രൂപ പണവും 6.75 കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു. കൂടാതെ, 14.13 കോടി രൂപയുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 21 കോടി രൂപ വിലമതിക്കുന്ന മൂന്ന് സ്ഥാവര വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടി. അന്വേഷണത്തിനിടെ അറസ്റ്റിലായ സെയിലിന് ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചെങ്കിലും ഈ മാസം ഏഴിന് പ്രത്യേക കോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.