ബംഗളൂരു: ദലിത് വിദ്യാർഥികൾ ഉപയോഗിച്ച പാത്രം കഴുകില്ലെന്ന് നിലപാടെടുത്തതിനെത്തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തിവെക്കേണ്ടിവന്ന യദ്ഗിർ ജില്ലയിലെ ഷാഹ്പുര കാരക്കല്ലി ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ അടുക്കള ജീവനക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ്.
ദലിത് വിദ്യാർഥികളുടെ പാത്രം തൊടില്ലെന്ന അടുക്കള ജീവനക്കാരുടെ നിലപാട് തൊട്ടുകൂടായ്മക്കെതിരെയുള്ള നിയമത്തിനും ഭരണഘടനക്കുമെതിരാണ്. മാത്രമല്ല, ഈ നടപടി ദലിത് വിദ്യാർഥികൾ സ്കൂളുകൾ നിർത്തിപ്പോകുന്നതിനും കാരണമാകും. ഭരണഘടനയിലെ ആർട്ടിക്ൾ 17 പ്രകാരം ഏത് തരത്തിലുമുള്ള തൊട്ടുകൂടായ്മ നിരോധിച്ചതും അതിന്റെ പേരിലുള്ള ഏത് പ്രവർത്തനവും നിയമവിരുദ്ധമാക്കിയതുമാണ്. യദ്ഗിർ ജില്ലയിൽ തന്നെ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സമീപകാലത്ത് മാത്രം ഉയർന്നുവന്നിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തിൽ ദലിത് സമുദായത്തിൽ പെട്ടവരെ വേദിയിൽ കയറ്റിയതിന് അധ്യാപികക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗം വധഭീഷണി മുഴക്കിയിരുന്നു.
അതുകൊണ്ടുതന്നെ വിഷയത്തിൽ സർക്കാർ ഉടൻ ഇടപെട്ട് ശക്തമായ നടപടിയെടുക്കണമെന്നും ഉച്ചഭക്ഷണവിതരണം പുനരാരംഭിക്കണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക ഘടകം ആവശ്യപ്പെട്ടു. അംബേദ്കറിന്റെ ജാതി നിർമൂലനം ഓർമിപ്പിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം വർധിച്ചുവരുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ ഗൗരവത്തിൽ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡോ. ബി.ആർ അംബേദ്കറെയും ദലിതരെയും നാടകത്തിലൂടെ അപമാനിച്ചെന്നാരോപിച്ച് നൽകിയ കേസ് കർണാടക ഹൈകോടതി റദ്ദാക്കിയിരുന്നു. ജെയിൻ സെന്റർ ഓഫ് മാനേജ്മെന്റിലെ അധ്യാപകർക്കും വിദ്യാർഥികൾക്കുമെതിരായിരുന്ന കേസ് ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് റദ്ദാക്കിയത്. ഭരണഘടനയിലെ ആർട്ടിക്ൾ 19 പ്രകാരം ആവിഷ്കാര സ്വാതന്ത്രവും സംസാര സ്വാതന്ത്രവും ഉറപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.