അബ്ദുന്നാസിർ മഅ്ദനി

ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി മഅ്‌ദനി നാളെ സുപ്രീംകോടതിയെ സമീപിക്കും

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഇന്ന്‌ പിന്‍വലിച്ചു.

മൂന്നാഴ്‌ച മുമ്പ്‌ പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ മഅ്‌ദനിയെ ബംഗളൂരു ആസ്റ്റര്‍ സി.എം.ഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക്‌ വിധേയമാക്കി. ആ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന്‌ തലച്ചോറിലേക്ക്‌ പോകുന്ന പ്രധാന ഞരമ്പുകളില്‍ (ഇന്റേണല്‍ കരോട്ടിട്‌ ആര്‍ട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ്‌ ഇടവിട്ട്‌ കൈകള്‍ക്ക്‌ തളര്‍ച്ച, സംസാരശേഷിക്കുറവ്‌ തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത്‌ പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബംഗളൂരുവിലെ സൗഖ്യ ഹോസ്‌പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലെയും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. അവരെല്ലാവരും അടിയന്തിര ശസ്‌ത്രക്രിയ അഭിപ്രായപ്പെട്ടങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്‌ത്രക്രിയ സങ്കീര്‍ണമാകും എന്ന് ചൂണ്ടിക്കാട്ടി. സര്‍ജറിക്കും അതിന്‌ മുമ്പുള്ള പരിശോധനകള്‍ക്കും വേണ്ടി നൽകപ്പെടുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്‌നിയുടെ പ്രവര്‍ത്തനം നിശ്ചലമാക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഉപദേശമാണ്‌ ലഭിച്ചത്‌.

ഈ സാഹചര്യത്തിലാണ്‌ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി അടിയന്തിരമായി സുപ്രീം കോടതിയെ സമീപിക്കുന്നത്‌. അഡ്വ. ഹാരിസ്‌ ബീരാന്‍ മുഖേനയാണ്‌ ഹര്‍ജി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യുന്നതെന്ന്‌ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ അറിയിച്ചു.

Tags:    
News Summary - Abdunnasir Madani will approach Supreme Court seeking relaxation in bail conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.