പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉപഹാരം കൈമാറുന്നു
ബംഗളൂരു: ഡല്‍ഹിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി. വിവിധ പദ്ധതികള്‍ക്കായി പ്രധാനമന്ത്രിയോട് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മേക്കേദട്ടു പദ്ധതിക്ക് അനുമതി നൽകൽ, കൃഷ്ണ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കൽ, കലാസ-ബന്ദൂരി നാല വഴിതിരിച്ചുവിടൽ, ശരാവതി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്ക് അനുമതി നൽകൽ, കല്യാണ കർണാടകക്ക് 25,000 കോടി രൂപ ഗ്രാന്‍റ് അനുവദിക്കൽ എന്നിവയുൾപ്പെടെ നിരവധി ആവശ്യങ്ങളാണ് ഡി.കെ. ശിവകുമാർ ഉന്നയിച്ചത്. ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എൽ.കെ. അതീഖും സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.
മേക്കാദട്ടു പദ്ധതിയുമായി ബന്ധപ്പെട്ട തമിഴ്നാട് സമര്‍പ്പിച്ച ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. കാവേരി ജല മാനേജ്‌മെന്‍റ് അതോറിറ്റിയും (സി.ഡബ്ല്യു.എം.എ) കേന്ദ്ര ജല കമീഷനും (സി.ഡബ്ല്യു.സി) ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. പദ്ധതി വിലയിരുത്താൻ സി.ഡബ്ല്യു.എം.എ ഇതിനകം സി.ഡബ്ല്യു.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് ഉടന്‍ അംഗീകാരം നൽകണമെന്ന് ഡി.കെ ആവശ്യപ്പെട്ടു. കൃഷ്ണ ജല തർക്ക ട്രൈബ്യൂണൽ -2 (കെ.ഡബ്ല്യു.ഡി.ടി-2) ജല വിഹിതം അനുവദിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അപ്പർ കൃഷ്ണ പ്രോജക്ട്-3 ൽ സംസ്ഥാന സർക്കാർ വലിയൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. കര്‍ണാടകയുടെ വിഹിതമായ വെള്ളം ഉപയോഗിക്കാനും പ്രവൃത്തി തുടരാനും കേന്ദ്ര സഹായം ആവശ്യമാണ്.
2023-24 ലെ കേന്ദ്ര ബജറ്റിൽ അപ്പർ ഭദ്ര പദ്ധതിക്കായി 5,300 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റ് പ്രഖ്യാപിച്ചിരുന്നെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല. ജലശക്തി മന്ത്രാലയത്തിന്‍റെ ഉപദേശക സമിതി അംഗീകരിച്ചതുപോലെ അപ്പർ ഭദ്ര പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 21,167 കോടി രൂപയാണ്. മധ്യ കർണാടക വരൾച്ച ബാധിത മേഖലയിലെ ദശലക്ഷക്കണക്കിന് കർഷകർക്ക് പദ്ധതി മുഖേന പ്രയോജനം ലഭിക്കും.
ഇതിനായി പി.എം.കെ.എസ്.വൈ- എ.ഐ.ബി.പി പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കണം. മഹാദായി നദീതടത്തിന് കീഴിലുള്ള കലാസ-ബന്ദൂരി നള പദ്ധതിയിലൂടെ ഹുബ്ബള്ളി-ധാർവാഡ് മേഖലയിലേക്ക് കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. സി.ഡബ്ല്യു.സിയും ജലശക്തി മന്ത്രാലയവും 2022 ൽ ഇത് അംഗീകരിച്ചുവെങ്കിലും പാരിസ്ഥിതിക അനുമതിക്കായി കാത്തിരിക്കുകയാണ്. വരൾച്ച ബാധിത പ്രദേശങ്ങളിൽ വെള്ളം നൽകുന്നതിനായി ഗോദാവരി-കാവേരി, ബെഡ്തി-വരദ നദികൾ ബന്ധിപ്പിക്കുന്ന പദ്ധതികളിൽ നിന്ന് കുറഞ്ഞത് 40-45 ടി.എം.സി വെള്ളം കർണാടകക്ക് അനുവദിക്കണം.
ഊർജ്ജ സംരക്ഷണ സംരംഭമായ നിർദ്ദിഷ്ട ശരാവതി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്ക് പരിസ്ഥിതി അനുമതിക്കായുള്ള അഭ്യർഥന നടത്തിയിട്ടുണ്ട്. കല്യാണ കർണാടകക്ക് ആർട്ടിക്കിൾ 371(ജെ) പ്രകാരം 17,000 കോടി രൂപയുടെ വാർഷിക സാമ്പത്തിക സഹായവും അതോടൊപ്പം മേഖലയിലെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പൊതുമേഖലാ സ്ഥാപനമെങ്കിലും സ്ഥാപിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
റായ്ച്ചൂരിൽ ഒരു എയിംസ് സ്ഥാപിക്കണമെന്നും ഡി.കെ. ആവശ്യമുന്നയിച്ചു. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, ജലസേചനം, റോഡ് ശൃംഖലകൾ എന്നിവയുടെ വികസനത്തിനായി മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക സഹായ പദ്ധതി പ്രകാരം 5,000 കോടി രൂപയുടെ സഹായം. ബംഗളൂരു-മുംബൈ ഹൈ-സ്പീഡ് റെയിൽവേ കോറിഡോറിനും ബംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡിനും അനുമതി നൽകുക, നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ഡബിൾ ഡെക്കർ ഫ്ലൈഓവർ പദ്ധതിക്ക് അനുമതി നൽകുക, നമ്മ മെട്രോ രണ്ടാം ഘട്ടത്തിന്‍റെ എസ്റ്റിമേറ്റ് ചെലവ് പരിഷ്കരിച്ച് അംഗീകരിക്കുക, 25,999 കോടി രൂപയുടെ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് സ്വിഫ്റ്റ് ക്ലിയറൻസ് നൽകുക.
ബംഗളൂരുവിനെ മൈസൂരു, കനകപുര, തുമകുരു, ചിക്കബെല്ലാപുര, കോലാർ എന്നിവയുമായി ബന്ധിപ്പിക്കുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം അംഗീകരിക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ധനമന്ത്രിയോട് പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ റോഡുകൾ, പാലങ്ങൾ, ജലസേചന പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കി. സംസ്ഥാനം ആർ.ഐ.ഡി.എഫ് വിഹിതമായ 2,000 കോടി രൂപ പൂർണമായും വിനിയോഗിച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി 2026-27 സാമ്പത്തിക വർഷത്തേക്ക് കർണാടകക്ക് 3,500 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.