മംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ ഉച്ച 1.20 ന് ഇറങ്ങിയ അദ്ദേഹത്തെ കർണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദർ, അഡീ. ഡെപ്യൂട്ടി കമ്മീഷണർ കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് കർണാടക, തമിഴ്‌നാട് പൊലീസ് സേനകളുടെ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ കാർ മാർഗം 120 കിലോമീറ്റർ അകലെ കൊല്ലൂരിലേക്ക് സഞ്ചരിച്ചു.യാത്രയിലുടനീളം മുഖ്യമന്ത്രിക്കൊപ്പം സുരക്ഷാ വാഹനവ്യൂഹവുമുണ്ടായിരുന്നു.
കർണാടക പൊലീസ് ഉദ്യോഗസ്ഥർ വാഹനവ്യൂഹത്തിന് അകമ്പടി സേവിച്ചു, തമിഴ്‌നാട് പൊലീസിൽ നിന്നുള്ള സുരക്ഷാ സംഘം ഒപ്പം സഞ്ചരിച്ചു.തമിഴ്നാടിൽ നിന്ന് നേരത്തെ എത്തിയ 45 പൊലീസ് ഉദ്യോഗസ്ഥർ ദക്ഷിണ കന്നട, ഉഡുപ്പി ജില്ല പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിരുന്നു.വിജയ് കടന്നുപോയ പാതക്കിരുവശങ്ങളിലും മഴ അവഗണിച്ച്സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാത്തുനിന്ന് അഭിവാദ്യം അർപ്പിച്ചു.
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ ചിഹ്നം വഹിച്ചുകൊണ്ട് അവർ മുദ്രാവാക്യങ്ങൾ മുഴക്കി.യുവാക്കൾ മട്ടുപ്പാവുകളിലും മരശിഖരങ്ങളിലും കയറിയാണ് ആവേശം പ്രകടിപ്പിച്ചത്.വിജയുടെ വാഹനവ്യൂഹം എത്തിയപ്പോൾ ക്ഷേത്രനഗരി ‘ദളപതി വിജയ്’, ‘ജനനായകൻ വിജയ്’ വിളികളിൽ മുഖരിതമായി.
വിജയ്‌യെ അടുത്തു കാണാൻ ആഞ്ഞടുത്ത ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നന്നേ പാടുപെടുന്നുണ്ടായിരുന്നു. ചില കവലകളിൽ ലാത്തി വീശേണ്ടിവന്നു.വിജയ് പ്രാർത്ഥനക്കായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോഴും ആരാധകർ ആർപ്പുവിളിച്ചു.മൂകാംബികയിൽ എത്തുന്ന മൂന്നാമത്തെ തമിഴ്നാട്മുഖ്യമന്ത്രിയാണ് വിജയ്. പരേതരായ എം.ജി.രാമചന്ദ്രനും ജെ. ജയലളിതയുമായിരുന്നു മറ്റു രണ്ടുപേർ.
അതേസമയം കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പ്രവർത്തകർ വിജയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാട്ടാൻ ഒരുങ്ങി.ചുവപ്പും മഞ്ഞയും ചേർന്ന കർണാടകയുടെ ദേശീയ പതാകയേന്തിയും ഷാൾ പുതച്ചുമാണ് പ്രതിഷേധിച്ചത്. ഉഡുപ്പി ഉദ്യാവാറിലെ ബാലൈപാഡെക്ക് സമീപം സംഘടിച്ച പ്രവർത്തകർ മേക്കേദാട്ടു കുടിവെള്ള-സമതുലന ജലസംഭരണി പദ്ധതിയോടുള്ള തമിഴ്‌നാട് സർക്കാരിന്റെ എതിർപ്പിനെതിരെ പ്രകടനം നടത്താൻ തയ്യാറെടുക്കുകയായിരുന്നു.
പ്രതിഷേധം മുൻകൂട്ടി കണ്ട പൊലീസ്, തമിഴ്‌നാട് മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് ഇടപെട്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ അറസ്റ്റ് ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.