മംഗളൂരു: പശ്ചിമഘട്ടത്തിലൂടെ ശൃംഗേരി വഴിയുള്ള നിർദിഷ്ട മംഗളൂരു -ശിവമൊഗ്ഗ റെയിൽ പദ്ധതിയെച്ചൊല്ലി ജനങ്ങളിൽ ഭിന്നത. മലനാട് മേഖലയിലെ പരിസ്ഥിതി സന്തുലിതാവസ്ഥക്ക് നാശം വരുമെന്ന് ചൂണ്ടിക്കാട്ടി ചിക്കമഗളൂരു ജില്ലയിലെ ഒരു വിഭാഗം പദ്ധതിക്കെതിരെ സേവ് ശൃംഗേരി ഓൺലൈൻ കാമ്പയിൻ ആരംഭിച്ചു. മലനാട് മേഖലയിലെ ജനങ്ങളുടെ ജീവൻ പണയപ്പെടുത്തി റെയിൽ ശൃംഖല ആവശ്യമില്ലെന്നാണ് ഇവരുടെ വാദം.
മലനാട് മേഖലയിലെ ചെറുകിട കർഷകർക്ക് പട്ടയം നൽകുന്നതിനാവണം ജനപ്രതിനിധികളുടെ പ്രഥമ പരിഗണനയെന്ന് പരിസ്ഥിതി പ്രവർത്തകൻ നാഗരാജ് കൂവെ പറഞ്ഞു. നിരവധി ആളുകൾ വീടില്ലാത്തവരാണ്. അവർക്ക് വീടുകൾ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് കഴിഞ്ഞാവാം മലനാടിനും തീരദേശ മേഖലക്കും ഇടയിൽ റെയിൽവേ ലൈൻ നിർമിക്കുന്നതിനെക്കുറിച്ച ചിന്തയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽ പദ്ധതിയും പട്ടയവും പരസ്പരം ബന്ധമില്ലാത്തതും കേന്ദ്ര, സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ടതുമണെങ്കിലും കർഷകരെ സ്വാധീനിക്കാൻ ഈ വാദങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് നിരീക്ഷണം. പദ്ധതിയെ പിന്തുണക്കുന്നവർക്ക് അതിന്റെ ആവശ്യത്തേയും പ്രയോജനത്തേയും പറ്റി വ്യക്തതയില്ലെന്ന് ശൃംഗേരി അടക്ക കർഷകരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി അരവിന്ദ് സിഗഡാൽ പറഞ്ഞു.
എന്നാൽ എതിർക്കുന്നവർക്ക് ധാരാളം കാരണങ്ങളുണ്ട്. പദ്ധതിക്ക് വഴിയൊരുക്കാൻ ധാരാളം മരങ്ങൾ മുറിക്കേണ്ടി വന്നേക്കാമെന്നും ഇത് വനങ്ങളുടേയും സസ്യജന്തുജാലങ്ങളുടെയും നാശത്തിന് കാരണമാകുമെന്നും സിഗഡൽ പറഞ്ഞു.
ഹൊസനഗർ വ്യാപാരികളുടെ അസോസിയേഷൻ തഹസിൽദാർക്ക് നിവേദനം സമർപ്പിച്ചു. പദ്ധതിയുടെ വിശദമായ റിപ്പോർട്ടിൽ (ഡി.പി.ആർ) നിന്ന് ഹൊസനഗറിനെ ഒഴിവാക്കിയതായി നിവേദനത്തിൽ പറഞ്ഞു. ഡി.പി.ആർ തയാറാക്കുന്നതിനായി ഇതിനകം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്, പദ്ധതിക്ക് ഏകദേശം 3,300 കോടി രൂപ ചെലവാകും. 2018 ൽ അന്നത്തെ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ ഹൊസനഗറിനെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ, അരസാലു-റിപ്പോൺപേട്ട്-തീർത്ഥഹള്ളി വഴിയുള്ള പാത നിർമിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, ഇത് ഹൊസനഗറിനോട് അനീതി കാണിക്കുന്നുവെന്ന് നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.