ബംഗളൂരു: ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ സർക്കിളിനും യെൽവാളിനടുത്തുള്ള ലിംഗദേവരക്കൊപ്പലിനും ഇടയിലുള്ള മൈസൂരു നഗരത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് കോറിഡോർ പദ്ധതി നിർത്തിവെച്ചു.
ഹുൻസൂർ റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് 4,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ 11 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു എലിവേറ്റഡ് കോറിഡോർ നിർദേശിക്കുകയും നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ (പി.ഡബ്ല്യു.ഡി)ഏല്പിക്കുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘടനക്ക് ആവശ്യമായ കൂറ്റൻ തൂണുകൾ സ്ഥാപിക്കുന്നതിന് ഗ്രൗണ്ട് സ്റ്റബിലിറ്റി വിലയിരുത്തുന്നതിനായി മണ്ണ് പരിശോധന നടത്തി. പദ്ധതിയുടെ നടത്തിപ്പിനായി വിസ്റ്റ ഇൻഫ്ര കൺസൾട്ടന്റ് ബ്ലൂപ്രിന്റുുകൾ, ത്രീഡി ഡിസൈനുകൾ, അണ്ടർപാസ്, ഫ്ലൈഓവർ ലേഔട്ടുകൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ പദ്ധതി റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിരുന്നു. ഏറ്റെടുക്കേണ്ട നിരവധി സ്വകാര്യ, സർക്കാർ സ്വത്തുക്കളും റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരുന്നു.
പദ്ധതി ചെലവിന്റെ 60 ശതമാനത്തോളം ഏകദേശം 2,600 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി നീക്കിവെക്കുകയും 1,600 കോടി രൂപ നിർമാണത്തിനായി കണക്കാക്കുകയും ചെയ്തിരുന്നു.
പ്രത്യേക ഗ്രാന്റുകള്‍ അനുവദിച്ചാൽ രണ്ട് വർഷത്തെ സമയപരിധിയോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രവചിച്ചിരുന്നു. ഇതുവരെ ബജറ്റ് വിഹിതമൊന്നും ലഭിക്കാത്തതിനാൽ പദ്ധതി അനിശ്ചിതാവസ്ഥയിലാണ്. ഫണ്ടിന്റെ അഭാവത്തിനു പുറമെ പരിസ്ഥിതി പ്രവർത്തകരിൽനിന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നു. പദ്ധതിക്കായി റോഡരികിലെ 700 ഓളം മരങ്ങൾ വെട്ടിമാറ്റുന്നതിനെ അവർ എതിര്‍പ്പ് പ്രകടിപ്പിച്ചു. നഗരത്തിന്റെ പൈതൃകത്തെ ബാധിക്കുമെന്നതിനാല്‍ മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത വൊഡയാര്‍ പദ്ധതിയെ എതിർത്തു. മഹാറാണി കോളജ്, റീജനൽ കമീഷണറുടെ ഓഫിസ്, ഡെപ്യൂട്ടി കമീഷണറുടെ വസതി, ജലദർശിനി ഗെസ്റ്റ് ഹൗസ് തുടങ്ങിയവ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നതിനാൽ ഇവ ദൃശ്യമാകില്ല എന്ന ആശങ്കയും ഉയര്‍ന്നു വന്നിട്ടുണ്ട്.
സാമ്പത്തിക പരിമിതികളും എതിർപ്പും കണക്കിലെടുത്ത് പദ്ധതി തൽക്കാലം നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.