പ്ലാറ്റിനം ജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ (കെ.പി.ടി.സി.എൽ) ഒഴിഞ്ഞുകിടക്കുന്ന 35,000 തസ്തികകൾ നികത്തുന്നതിനായി ഘട്ടംഘട്ടമായുള്ള നിയമനം ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു. വകുപ്പിലെ 532 സിവിൽ ജീവനക്കാരുടെ സേവനങ്ങൾ സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞബദ്ധമാണ്. ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) കേന്ദ്രസർക്കാർ നടപ്പാക്കിയതാണ്. എന്നാൽ, ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ ദിശയിൽ ഞങ്ങൾ ചർച്ചകൾ നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
1902ൽ ഏഷ്യയിൽ ആദ്യമായി വൈദ്യുതി ഉൽപാദിപ്പിച്ചത് കർണാടകയായിരുന്നു, 1905ൽ ബംഗളൂരുവിൽ ആദ്യത്തെ വിതരണ കമ്പനി ആരംഭിച്ചു, 1908ഓടെ മൈസൂരു കൊട്ടാരത്തിലേക്ക് വൈദ്യുതി വിതരണം ചെയ്തു. സംസ്ഥാനം ഇപ്പോൾ 34,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ടെന്നും ഇത് 60,000 മെഗാവാട്ടായി ഉയർത്താൻ പദ്ധതിയുണ്ടെന്നും കർഷകർക്ക് പകൽ സമയത്ത് കുറഞ്ഞത് ഏഴ് മണിക്കൂർ വൈദ്യുതി വിതരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് സർക്കാർ അധികാരത്തിൽ തുടരുന്നിടത്തോളം കാലം വൈദ്യുതി വിതരണ കമ്പനികളുടെ (എസ്കോം) സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന് ചടങ്ങിൽ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉറപ്പിച്ചു പറഞ്ഞു.
സിദ്ധരാമയ്യയും താനും അധികാരത്തിലിരിക്കുന്നിടത്തോളം കാലം കർണാടകയിലെ എസ്കോമുകളുടെ സ്വകാര്യവത്കരണം അനുവദിക്കില്ല. സ്വകാര്യ കമ്പനികൾക്ക് പ്രവേശനം അനുവദിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ, താൻ അത് അനുവദിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.