പ്രകാശ് രാജ്

`ഓരോ പൗരന്റെയും അന്തസ്സിനായി പ്രതിഷേധത്തിൽ പങ്കെടുക്കണം'; എസ്.ഐ.ആറിനെതിരെ പ്രകാശ് രാജ്

ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ (എസ്.ഐ.ആർ) നടപടിക്കെതിരെ ബംഗളൂരുവിൽ നടക്കുന്ന ‘ഇലക്ഷൻ കമ്മിഷൻ ചലോ’ പ്രതിഷേധത്തിന് പിന്തുണയുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഫ്രീഡം പാർക്കിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഓരോ പൗരന്റെയും അന്തസ്സുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ജനാധിപത്യപരമല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഭരണകക്ഷിക്ക് രണ്ട് അംഗങ്ങളും പ്രതിപക്ഷത്തിന് ഒരംഗവും മാത്രമുള്ള സംവിധാനത്തിൽ ജനാധിപത്യപരമായ തുല്യത എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ പരിരക്ഷ നൽകുന്ന നടപടിയെ ചോദ്യം ചെയ്ത പ്രകാശ് രാജ് ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം പരിരക്ഷ സാധാരണയായി സുപ്രീം കോടതി ജഡ്ജിമാർക്കാണ് നൽകുന്നതെന്നും ഒരു മുഴുവൻ സ്ഥാപനത്തിനും സമാനമായ പരിരക്ഷ നൽകുന്നത് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തത്തിൽ നിന്ന് അകറ്റുമെന്നും അഭിപ്രായപ്പെട്ടു.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സാധാരണ പൗരന്മാർക്ക് നിരന്തരം കോടതികളെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് വർഷം ശേഷിക്കെ ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കേണ്ടതിന്റെ അടിയന്തര സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

‘ആബ്സന്റ്’, ‘പെർമനന്റ്ലി ഷിഫ്റ്റഡ്’ എന്നിങ്ങനെ രേഖപ്പെടുത്തിയ വോട്ടർമാരുടെ പേരുകൾ നേരിട്ട് ഒഴിവാക്കുന്നതിനുപകരം, അവരുടെ യോഗ്യത തെളിയിക്കാൻ അവസരം നൽകണമെന്നാണ് ആവശ്യം. ഇതിനായി വീണ്ടും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, എസ്.ഐ.ആർ 2026 നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജൂൺ 30 മുതൽ ആഗസ്റ്റ് 17 വരെ സംസ്ഥാനത്തുടനീളം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി നടത്തിയ പരിശോധനക്ക് ശേഷമാണ് കരട് പട്ടിക പുറത്തുവന്നത്.

കരട് പട്ടികയിൽ 4,46,35,975 വോട്ടർമാരാണുള്ളത്. ഇതിൽ 2,24,73,864 സ്ത്രീകളും 2,21,59,240 പുരുഷന്മാരും 2,871 മൂന്നാം ലിംഗക്കാരായ വോട്ടർമാരുമുണ്ട്. 44,176 സർവീസ് വോട്ടർമാരും 18-19 പ്രായപരിധിയിലുള്ള 3,70,341 യുവ വോട്ടർമാരും പട്ടികയിലുണ്ട്.

പരിശോധനക്കിടെ 1,07,96,339 പേരുകൾ ‘ഹാജരാകാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട എൻട്രികൾ, മറ്റ് വിഭാഗങ്ങൾ’ എന്ന എ.എസ്.ഡി.ഡി.ഒ വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഇത് ആകെ എൻട്രികളുടെ 19.48 ശതമാനമാണ്.

സജീവ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട 20.35 ലക്ഷം പേരെ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. 23.45 ലക്ഷം പേരെ ‘നോ മാപ്പിങ്’ വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലായി 43.8 ലക്ഷത്തിലേറെ വോട്ടർമാർക്ക് നോട്ടീസ് നൽകുകയും അവരുടെ യോഗ്യത സ്ഥിരീകരിക്കുന്നതിനായി മറുപടി സമർപ്പിക്കാൻ അവസരം നൽകുകയും ചെയ്യും.

2026 ഒക്ടോബർ ഒന്നാണ് പരിഷ്കരണത്തിന്റെ യോഗ്യതാ തീയതി. അവകാശവാദങ്ങളും പരാതികളും സമർപ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയാണ്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.

Tags:    
News Summary - Prakash Raj Opposes SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.