ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നുവെന്ന് കോൺഗ്രസ് എം.എൽ.എ
മംഗളൂരു: കർണാടക ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ലിമിറ്റഡ് (കെ.ആർ.ഐ.ഡി.എൽ) മംഗളൂരു ഡിവിഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അഴിമതി, നിയമവിരുദ്ധമായ പണപ്പിരിവ്, കരാറുകാരെ ഭീഷണിപ്പെടുത്തൽ എന്നീ ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പുത്തൂർ എം.എൽ.എ അശോക് കുമാർ റൈ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു.
വിവിധ വികസന പ്രവർത്തനങ്ങളുടെ നിർവഹണത്തിൽ കെ.ആർ.ഐ.ഡി.എൽ മംഗളൂരു എക്‌സിക്യൂട്ടീവ് എൻജിനീയർ വിജയ്, ജൂനിയർ എൻജിനീയർ പ്രജ്‌വാൾ എന്നിവർ ഉൾപ്പെട്ട ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കോൺഗ്രസ് നേതാവായ റൈ ആരോപിച്ചു. സർക്കാർ പദ്ധതികൾ ഏറ്റെടുക്കുന്ന കരാറുകാരെ പീഡിപ്പിക്കുകയും ജില്ല ചുമതലയുള്ള മന്ത്രിക്കും വകുപ്പ് മന്ത്രിക്കും പ്രതിമാസം പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. കെ.ആർ.ഐ.ഡി.എൽ ചാർജ് എന്ന പേരിൽ കരാറുകാരിൽനിന്ന് ഏഴ് ശതമാനം വരെ അധിക തുക ഈടാക്കുന്നുണ്ടെന്നും പരാതികളിൽ ആരോപിക്കുന്നു.
അത്തരം ആവശ്യങ്ങൾ ചോദ്യം ചെയ്യുകയോ അനുസരിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്ന കരാറുകാരെ ഭീഷണിപ്പെടുത്തിയതായും റൈ ആരോപിച്ചു. ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും രണ്ട് ഉദ്യോഗസ്ഥരുടെയും പെരുമാറ്റത്തെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സർക്കാർ വികസന പദ്ധതികളുടെ നടത്തിപ്പിൽ സുതാര്യത, ഗുണനിലവാരം, നിയമങ്ങൾ പാലിക്കൽ എന്നിവ അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.