കൽപറ്റ: വന്യമൃഗ ആക്രമണങ്ങളിൽനിന്ന് ജില്ലയിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. വിവിധ സംഘടനകളുടെ ഐക്യവേദി സമരപ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനം. സമരത്തിെൻറ ആദ്യഘട്ടമായി ആഗസറ്റ് നാലിന് 10,000 പേർ പങ്കെടുക്കുന്ന ബഹുജനമാർച്ചും പ്രതിഷേധ സംഗമവും നടത്തും. സർക്കാർ ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെങ്കിൽ തുടർച്ചയായി സർക്കാർ ഓഫിസുകൾ സ്തംഭിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ ഏറ്റെടുക്കനും തീരുമാനിച്ചു. ജനങ്ങളുടെ സ്വൈരജീവിതം പൂർണമായി ഇല്ലാതാക്കുംവിധം വന്യമൃഗശല്യവും ആക്രമണങ്ങളും ജില്ലയിൽ വർധിക്കുകയാണ്. ഭീതിമൂലം പലപ്രദേശങ്ങളിലും ജനങ്ങൾക്ക് സമാധാനത്തോടെ അന്തിയുറങ്ങാൻ പോലും കഴിയുന്നില്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് നശിപ്പിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടാനും പരിഹാരമുണ്ടാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സുരേഷ് താളൂർ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, അഖിലേന്ത്യ കിസാൻസഭാ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, വി.പി. വർക്കി, സി.എം. ശിവരാമൻ, ടി.സി. ജോസ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ബഹുജന ഐക്യവേദി കൺവീനർ പി.കെ. സുരേഷ് സ്വാഗതവും ചെയർമാൻ ഡോ. അമ്പി ചിറയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.