കൽപറ്റ: വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ജില്ലയിലെ 37,368 പേരുടെ ഫോമുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ . ഇവരില്‍ 13,717 പേര്‍ മരണപ്പെട്ടവരും 14,375 പേര്‍ ജില്ലക്ക് പുറത്ത് സ്ഥിരം താമസക്കാരുമാണ്. 2593പേര്‍ വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതില്‍ കണ്ടെത്താന്‍ കഴിയാത്തവർ 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നല്‍കാനോ വിസമ്മതിച്ചതുള്‍പ്പെടെ 557 പേരുടെ വിവരശേഖരണം സാധ്യമായിട്ടില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.
ജില്ലയിലുള്ള 6,41,710 വോട്ടര്‍മാരില്‍ എല്ലാവരുടെയും എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയവരില്‍ 511543 പേർ 2002- ലെ വോട്ടര്‍ പട്ടികയില്‍ സ്വന്തം പേരോ അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തവരാണ്.
ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ ഹിയറിങ്ങിന് വിളിപ്പിക്കും. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാളെ ഹിയറിങിന് ശേഷം പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഉത്തരവ് പുറത്തിറങ്ങി 15 ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അപ്പീല്‍ നല്‍കാം. അപ്പീല്‍ ഉത്തരവിന് ശേഷം 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
എസ്.ഐ.ആര്‍ നടപടികളിലൂടെ ക്രോഡീകരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ 23 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതിൽ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക അതത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ നോട്ടീസ് ബോര്‍ഡിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക ലഭ്യമാക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
പൊതുജനങ്ങൾക്ക് ഇത് പരിശോധിക്കാൻ സാധിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 22 വരെ നല്‍കാം. എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകള്‍ നിശ്ചിത സമയത്ത് നല്‍കാന്‍ കഴിയാത്തവർ ഈ കാലയളവില്‍ ഫോം 6 ഉം സത്യവാങ്മൂലവും സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കണം.
എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങള്‍, പരാതി തീര്‍പ്പാക്കല്‍ എന്നിവ ഡിസംബര്‍ 23 മുതല്‍ 2026 ഫെബ്രുവരി 14 വരെ നടക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും അവസരമുണ്ടാകും. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ പി.പി. അര്‍ച്ചന, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍. ആര്‍) മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.