പുളിക്കൽ പുഴക്കരികിൽ കടുവയുടെ കാൽപാദം കണ്ടത് പരിശോധിച്ച് തിരിച്ച് വരുന്ന വനം വകുപ്പ് ആർ.ആർ.ടി സംഘം. പനമരം മേച്ചേരി വയലിൽനിന്നുള്ള ദൃശ്യം
പനമരം: മൂന്ന് ദിവസമായി പച്ചിലക്കാട് ചീക്കല്ലൂർ പ്രദേശങ്ങളിലുള്ളവരെ മുൾമുനയിൽ നിർത്തിയ കടുവ കാടുകയറിയതായി വനം വകുപ്പ്. പാതിരി സെക്ഷൻ വനത്തിലേക്കാണ് കടുവ പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാവിലെ ഒമ്പതിന് പച്ചിലക്കാട് പടിക്കം വയലിൽ കടുവയെ കണ്ടതായി സമീപത്തെ ഉന്നതിയിലെ വിനു നാട്ടുകാരെ അറിയിക്കുന്നത്. വനംവകുപ്പ് വന്യജീവി ഉദ്യോഗസ്ഥർ വയലിൽ കണ്ട കാൽപാദം പരിശോധിച്ചതിൽ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുവപ്പേടിയിലായിരുന്നു.
നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയലിൽ ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ മൂന്നുദിവസമായി കുട്ടികളും വൃദ്ധരുമടക്കം വീട്ടിലിൽനിന്നു പുറത്തിറങ്ങാതായി. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശം മുഴുവൻ പരിശോധിക്കുകയായിരുന്നു. ഡ്രോൺ കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ പടിക്കംവയൽ ഉന്നതിയുടെ സമീപത്തെ തോട്ടത്തിൽ കടുവ വിശ്രമിക്കുന്ന ചിത്രങ്ങൾ പതിഞ്ഞു. ഇതോടെ നാട്ടുകാരും ഉദ്യോഗസ്ഥരും ജാഗരൂകരായി.
ചൊവ്വാഴ്ച രാത്രിയോടെ ചീക്കല്ലൂർ പുളിക്കൽ പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടതോടെ കടുവ കാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് വിലയിരുത്തി. ഉച്ചയോടെയാണ് പുളിക്കൽ വയലിൽ കാൽപാദം കാണുന്നത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ശ്രമം പാളി. ഭയപ്പെട്ടതിനാലാകണം, കടുവ വീണ്ടും തിരിച്ച് മേച്ചേരി കുന്നിലേക്ക് പോയെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നത്.
ഇതോടെ മേച്ചരിക്കുന്നതിന് സമീപത്തുള്ള വാടോചാല്‍ പ്രദേശങ്ങളും ഭീതിയിലായി. പനമരം പഞ്ചായത്ത് അധികൃതരുടേയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പു നൽകി. പനമരം ടൗണിലടക്കം വാഹനത്തിൽ ഈ അറിയിപ്പ് വിളിച്ചുപറഞ്ഞതോടെ ടൗണിലുള്ളവർക്കും കിടക്കപ്പൊറുതിയില്ലാതായി. എന്നാൽ, ബുധനാഴ്ച ഉച്ചയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ കാൽപാദം പുളിക്കൽ പുഴക്കരയിൽ കാണുന്നത്. ഇതോടെയാണ് കടുവ പുഴകടന്ന് കാട്ടിലേക്ക് തന്നെ തിരിച്ചുപോയതായി മനസ്സിലാക്കുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ പുഞ്ചവയൽ, മണൽ വഴി പാതിരിസെക്ഷൻ ഫോറസ്റ്റിലേക്ക് കടുവ പോയെന്നാണ് വകനംവകുപ്പ് അധികൃതർ പറയുന്നത്.
പനമരം: മൂന്നുദിവസമായി പനമരം കണിയാമ്പറ്റ പഞ്ചായത്ത് അതിർത്തികളിലെ ജനവാസ കേന്ദ്രത്തിലെത്തിയ കടുവ പാതിരി സെക്ഷൻ വനത്തിലേക്ക് പോയതായി ഡി.എഫ്.ഒമാരായ സന്തോഷ് കുമാർ, അജിത്ത് കെ രാമൻ എന്നിവർ പുളിക്കലിൽ മാധ്യമങ്ങളോട് പറഞ്ഞു. കടുവയുടെ പ്രജനസമയമായതിനാലാണ് പുറത്തിറങ്ങി നടക്കുന്നത്. മേഖലയിൽ കണ്ട കടുവയെ വനംവകുപ്പ് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമകാരിയല്ല. ഇനി പ്രദേശത്ത് നിയന്ത്രണങ്ങൾ തുടരേണ്ടതില്ല. വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും അവർ പറഞ്ഞു.
പനമരം: ചീക്കല്ലൂർ പുളിക്കൽ പ്രദേശത്ത് കണ്ടെത്തിയ കടുവ പാതിരി സൗത്ത് വനത്തിലേക്ക് കടന്നതായി വനംവകുപ്പ് അറിയിച്ചിട്ടും ശ്വാസം നേരെ വീഴാതെ നാട്ടുകാർ. ബുധനാഴ്ച രാവിലെ വരെ കടുവയെ കണ്ടതായി നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടും ഉച്ചയോടു കൂടി പുളിക്കൽ പുഴകടന്ന് പുഞ്ചവയിൽ വഴി കാട്ടിലേക്ക് കടുവ പ്രവേശിച്ചെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ, ഇത് പൂർണമായും വിശ്വസിക്കാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് പടക്കം പൊട്ടിച്ച് കടുവയെ കാടുകടുത്താനുള്ള ശ്രമത്തിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
കടുവയെ ഇത് പ്രകോപിക്കുമെന്നായിരുന്നു നാട്ടുകാരുടെ വാദം. കടുവപ്പേടിയിൽ ചീക്കല്ലൂർ, പുളിക്കൽ പ്രദേശത്ത് ഹർത്താൽ പ്രീതിതിയായിരുന്നു. കൂടോത്തുമ്മൽ അങ്ങാടിയിൽ കടകൾ അടഞ്ഞുകിടന്നു. ആളുകൾ പുറത്തിറങ്ങിയില്ല. അതേസമയം, പച്ചിലക്കാട്ടെ ജനവാസ കേന്ദ്രത്തിൽ കടുവ എങ്ങനെ എത്തിയെന്ന ചോദ്യം നിലനിൽക്കുന്നു. പച്ചിലക്കാട്നിന്ന് വനത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. പ്രദേശങ്ങളിൽ അധികവും വയൽ പ്രദേശമാണ്. അതുകൊണ്ടുതന്നെ കടുവക്ക് വനപ്രദേശമായ നടവയൽ-നെയ്ക്കുപ്പയിൽ നിന്ന് എളുപ്പത്തിലെത്തിച്ചേരാൻ കഴിയുമെന്നാണ് പറയുന്നത്.
മാനന്തവാടി: തിരുനെല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്തി വനംവകുപ്പ്. ചൊവ്വാഴ്ച രാവിലെ പത്തോടെ നാട്ടിലിറങ്ങിയ കടുവ പനവല്ലി പോത്തുംമൂല എമ്മടി സുബ്രമണ്യന്റെ പശുക്കിടാവിനെ കൊലപ്പെടുത്തിയിരുന്നു. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയും നാല് കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, കാമറയില്‍ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നില്ല.
പിന്നീടുള്ള തിരച്ചിലില്‍ തിരുനെല്ലി അയ്യപ്പന്‍മൂല ഉന്നതിക്ക് സമീപമുള്ള വനാതിര്‍ത്തിയില്‍ കടുവയെ കണ്ടെത്തുകയും ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തില്‍ ആറംഗസംഘം കടുവയെ കാട് കയറ്റുകയുമായിരുന്നു. കടുവ ഉള്‍ക്കാട്ടിലേക്ക് കയറിയെങ്കിലും വീണ്ടും നാട്ടിലിറങ്ങാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായും പ്രദേശത്ത് പട്രോളിങ് തുടരുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കടുവ കൊലപ്പെടുത്തിയ പശുക്കിടാവിന്റെ ജഡം വെറ്ററിനറി സര്‍ജന്‍ ഡോ. അജയ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.