കൽപറ്റ ബൈപാസിനരികെയുള്ള ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം പുരോഗമിക്കുന്നു
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള കൽപറ്റയിലെ ടൗൺഷിപ്പിന്റെ നിർമാണം പുരോഗമിക്കുന്നു. കൽപറ്റ എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 305 വീടുകള്‍ക്കായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനകം പൂര്‍ത്തിയായി.
ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈന്‍ മാറ്റിസ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകള്‍ എല്‍സ്റ്റണില്‍ സ്ഥാപിക്കുകയും ചെയ്തു.
ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. 12.65 മീറ്റര്‍ വീതിയിലുള്ള പ്രധാന പാതക്ക് 1100 മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 9.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് 2.770 കിലോ മീറ്ററാണുണ്ടാവുക.
ഇവ ടൗണ്‍ഷിപ്പിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ്. ഇടറോഡുകളായി കണക്കാക്കുന്ന റോഡിന് 5.8 മീറ്ററാണ് വീതി. 7.553 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇത്തരം റോഡുകള്‍ നിർമിക്കുന്നത്. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിര്‍മിച്ചു.
ഇടറോഡുകള്‍ക്കായുള്ള സ്ഥലത്ത് 812 മീറ്ററില്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിർമാണവും സൈഡ് ഡ്രെയിന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുക.
ഒമ്പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മിക്കുന്ന കുടിവെള്ള സംഭരണി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ 1300-ലധികം തൊഴിലാളികളാണ് ടൗണ്‍ഷിപ്പില്‍ കര്‍മനിരതരാവുന്നത്. തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ധിപ്പിച്ച് നിര്‍മാണപ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.