സംഷാദ് മരക്കാർ 

സംഷാദ് മരക്കാറിന്‍റെ തോൽവി; വിവാദം പുകയുന്നു

കൽപറ്റ: ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍നിന്നും വിമത സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട സംഭവത്തിൽ വിവാദം പുകയുന്നു. കഴിവുതെളിയിച്ച ജനപ്രതിനിധിയും ജില്ലയിലെ കോൺഗ്രസിന്‍റെ മികച്ച നേതാക്കളിലൊരാളുമായ സംഷാദ് മരക്കാരുടെ തോൽവിക്ക് ചുക്കാൻ പിടിച്ചത് ചില കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നെന്നും മനപൂർവം അദ്ദേഹത്തെ തോൽപിക്കുകയായിരുന്നെന്നുമുള്ള ആരോപണം ശക്തമായിട്ടുണ്ട്. സംഷാദിനെ തോൽപിക്കാൻ വിമതനായി മത്സരിച്ച് വിജയിച്ച ബിനു ജേക്കബിനെ കൈയയച്ച് സഹായിച്ചതിന് പിന്നിൽ സി.പി.എമ്മിനൊപ്പം ചില കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നതായാണ് ആരോപണം.

ചില വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് ബ്ലോക്കിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചില്ലെന്ന കണക്കുകൾ കോൺഗ്രസ് വിമത സ്ഥാനാഥിയുടെ ജയത്തിനുവേണ്ടി സി.പി.എം ഉം ശ്രമിച്ചുവെന്നാണ് സൂചിപ്പിക്കുന്നത്. ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നാല് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ വിജയിച്ചിട്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച അവരുടെ സ്ഥാനാര്‍ഥി ഇവിടെയെല്ലാം മൂന്നാം സ്ഥാനത്താണെത്തിയത്. യു.ഡി.എഫ് ബ്ലോക്ക് സ്ഥാനാര്‍ഥി സംഷാദ് രണ്ടാം സ്ഥാനത്താണ് ഉണ്ടായിരുന്നത്.

ഈ ഡിവിഷനില്‍ കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിനാണ്. സി.പി.എം നേതൃത്വമറിഞ്ഞാണ് വോട്ടുകള്‍ വിമതന് മറിച്ചു നല്‍കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍ ഏഴാം വാര്‍ഡില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 529 വോട്ട് ലഭിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് അവിടെനിന്ന് ലഭിച്ചത് 200 വോട്ട് മാത്രമാണ്. ഇവിടെ വിമത സ്ഥാനാര്‍ഥിക്ക് എല്‍.ഡി.എഫിന്റെ 326 വോട്ട് മറിഞ്ഞു. 62 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വാര്‍ഡ് സ്ഥാനാര്‍ഥി ജയിച്ചത്.

പത്താം വാര്‍ഡായ കരണിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 549 വോട്ട് നേിടയപ്പോള്‍ ബ്ലോക്കിലെ സ്ഥാനാര്‍ഥിക്ക് 210 വോട്ടാണ് ലഭിച്ചത്. ഇവിടെയും 339 വോട്ടുകള്‍ കോൺഗ്രസ് വിമതന് ലഭിച്ചു. ഇവിടെ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചത് 85 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 18ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 395 വോട്ട് നേടിയപ്പോള്‍ മുന്നണിയുടെ ബ്ലോക്ക് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 214 വോട്ടാണ്.

181 വോട്ടിന്‍റെ കുറവുണ്ടായി. വാര്‍ഡ് 21ല്‍ 461 വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയപ്പോള്‍ ബ്ലോക്ക് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 222 വോട്ടാണ്. 239 വോട്ടുകള്‍ ഇവിടെയും കുറഞ്ഞു. ആറ് വാര്‍ഡുകളിലും ബി.ജെ.പി വോട്ടുകള്‍ നിലനിര്‍ത്തി. എന്നാല്‍, അവര്‍ രണ്ടാം സ്ഥാനത്ത് എത്തിയ താഴെമുണ്ട വാര്‍ഡില്‍ 400 വോട്ടുകള്‍ വാര്‍ഡ് സ്ഥാനാര്‍ഥി നേടിയിടത്ത് 181 വോട്ട് മാത്രമാണ് ബ്ലോക്ക് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയോടൊപ്പം മറ്റ് മുന്നണികളും സംഷാദിനെ പരാജയപ്പെടുത്താൻ അണിയറ നീക്കം നടത്തിയെന്നാണ് വോട്ട് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്.

Tags:    
News Summary - Samshad Marakkar's defeat; Controversy is brewing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.