പ്രതീകാത്മക ചിത്രം
കൽപറ്റ: വയോധികയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും നിരന്തരം മർദിക്കുന്നയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. കൽപറ്റ വെമാരംകുന്ന് സ്വദേശിനി മാധവിയെയും അവരുടെ മകന്റെ മക്കളെയും പ്രദേശവാസിയായ സുരേഷ് മർദിക്കുന്നുവെന്ന പരാതിയിൽ നടപടിയെടുക്കാനാണ് കമീഷൻ നിർദേശിച്ചത്.
മാധവി എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു. എസ്റ്റേറ്റ് അനുവദിച്ച് നൽകിയ മൂന്നു സെന്റ് സ്ഥലം മാധവിയുടെ ഭർത്താവ് പണം നൽകി വാങ്ങി അവിടെ ഷെഡ് നിർമിച്ച് താമസിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സുരേഷ് അവകാശപ്പെടുന്നുണ്ട്. സുരേഷിന് ഇതിന് സമീപം രണ്ട് സെന്റ് സ്ഥലമുണ്ട്. മാധവി താമസിക്കുന്ന ഷെഡിൽ ചെന്ന് സുരേഷ് ബഹളമുണ്ടാക്കുന്നത് പതിവാണെന്ന് ഐ.ജിയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. ഇതിനെതിരെ കൽപറ്റ പൊലീസ് കേസുകളെടുത്തിട്ടുണ്ട്. എന്നാൽ, കുട്ടികളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല. സുരേഷുമായി നടന്ന വഴക്കിനെ തുടർന്ന് 2022 ആഗസ്റ്റ് 13ന് മാധവിയുടെ മകൻ രവിചന്ദ്രൻ ആത്മഹത്യ ചെയ്തിരുന്നു. രവിചന്ദ്രന്റെ ഭാര്യ സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ ഉത്തരവിന്റെ പകർപ്പ് കൽപറ്റ എസ്.എച്ച്.ഒക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.