പുൽപള്ളി: പദ്ധതി പൂർത്തീകരണത്തിനുള്ള സമയപരിധി കഴിഞ്ഞിട്ടും പുൽപള്ളിയിൽ ജലനിധി പ്രവൃത്തികൾ താളംതെറ്റിയ നിലയിൽ. 10 കോടിയോളം രൂപ ചെലവിൽ പുൽപള്ളിയിൽ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ പ്രയോജനം നാട്ടുകാർക്ക് ലഭിക്കാത്ത അവസ്ഥയാണ്. ജില്ലയിൽതന്നെ ഏറ്റവും ജലക്ഷാമമുള്ള പ്രദേശമാണ് പുൽപള്ളി. നാലു വർഷംമുമ്പ് ആരംഭിച്ച പദ്ധതി എന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. കഴിഞ്ഞ ഏപ്രിൽ 30ന് പണി പൂർത്തീകരിക്കണമെന്നായിരുന്നു ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിപ്പുകാരോട് ആവശ്യപ്പെട്ടത്. എന്നാൽ, പണികൾ പൂർത്തിയായില്ല. പിന്നീട് ഒരു മാസത്തേക്കുകൂടി സമയപരിധി നീട്ടിക്കൊടുത്തു. ഈ മാസം 30ന് സമയപരിധി അവസാനിക്കും. രണ്ടാഴ്ച മാത്രം ശേഷിക്കേ, പ്രവൃത്തി പൂർത്തിയാക്കാനാകാത്ത അവസ്ഥയാണ്. അതിരാറ്റുകുന്നിൽനിന്ന് മണ്ഡപമൂലയിലേക്കുള്ള പൈപ്പ്ലൈൻ പണി മുടങ്ങിക്കിടക്കുകയാണ്. ഈ പ്രവൃത്തി നിർത്തിവെച്ച നിലയിലാണ് ഇപ്പോൾ. പൈപ്പ്ലൈൻ സ്ഥാപിച്ചപ്പോൾ കല്ലുവയൽ ഇറക്കത്തിൽ മഴവെള്ളം കുത്തിയൊലിച്ച് റോഡിെൻറ വശങ്ങളിൽ വൻഗർത്തങ്ങളുണ്ടായി. ഇത് നേരെയാക്കിക്കൊടുക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. ഇതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്. നാലര കിലോമീറ്റർ ദൂരമാണ് െട്രഞ്ച് കുഴിച്ച് പൈപ്പ് ഇടേണ്ടത്. ഇതിൽ പകുതിയോളം സ്ഥലത്ത് പൈപ്പ് ഇട്ടു. ഒരുകോടി ഒമ്പത് ലക്ഷം രൂപ പ്രവൃത്തിക്കായി അനുവദിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയാണ് ഈ പണി തീർക്കേണ്ടത്. ഇതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പുൽപള്ളി പഞ്ചായത്തിൽ മുഴുവൻ സ്ഥലത്തും വെള്ളമെത്തിക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തത്. 2500ഓളം വീടുകളിൽ ആദ്യഘട്ടത്തിൽ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. പുൽപള്ളി ടൗണിലും മണ്ഡപമൂലയിലുമാണ് ടാങ്കുകൾ. കബനിയിൽനിന്നും പനമരം പുഴയിൽനിന്നുമുള്ള ജലമാണ് പദ്ധതി മുഖേന വിതരണം ചെയ്യേണ്ടത്. ഇതിൽ മണ്ഡപമൂല ഒഴികെയുള്ള പ്രദേശങ്ങളിലെ പ്രവൃത്തികൾ ഭാഗികമായി പൂർത്തിയായിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ ഉയർന്നിരുന്നു. പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട് ഹർത്താലും നടന്നിരുന്നു. റോഡരികിൽ പൈപ്പുകൾ ഇട്ടതിെൻറ ദുരിതം ഇപ്പോഴും തീർന്നിട്ടില്ല. ടൗണിൽ പൈപ്പിട്ട ഭാഗങ്ങൾ ടാറിങ്ങും കോൺക്രീറ്റും ചെയ്ത് അടച്ചിരുന്നു. ഈ ഭാഗങ്ങൾ വാഹനങ്ങൾ കയറിയിറങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ കഴിവ്കേടാണ് പ്രവൃത്തി വൈകാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, വാട്ടർ അതോറിറ്റിയാണ് പ്രവൃത്തിക്ക് ഇപ്പോൾ തടസ്സം നിൽക്കുന്നതെന്ന് പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.ജെ. പോൾ പറയുന്നു. സംസ്ഥാന സർക്കാറിെൻറ ജലവിഭവ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള റൂറൽ വാട്ടർ സപ്ലെയിങ് ആൻഡ് സാനിറ്റേഷൻ ഏജൻസിയാണ് മുള്ളൻകൊല്ലിയിൽ ലോക ബാങ്ക് സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 200 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 1022 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. വയനാട്ടിലടക്കം പലയിടങ്ങളിലും വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.