പനമരം: സുഗന്ധവിള നെൽകൃഷി േപ്രാത്സാഹിപ്പിക്കാൻ വാടോച്ചാലിൽ നടപ്പാക്കിയ നെല്ല് കുത്ത് മില്ല് ഇനിയും യാഥാർഥ്യമായില്ല. മില്ലിന് കെട്ടിടം പണിയാൻ ചെലവഴിച്ച ലക്ഷങ്ങൾ പാഴായിരിക്കയാണ്. കൃഷി വകുപ്പിെൻറ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കർഷകർ പറയുമ്പോൾ പഞ്ചായത്തിനും ഉത്തരവാദിത്തമുണ്ടെന്നാണ് ചില കർഷകർ പറയുന്നത്. സുഗന്ധവിള നെൽ ഇനങ്ങളായ ഗന്ധകശാല, ജീരകശാല, ബസുമതി എന്നിവയുടെ കൃഷി ഒരു കാലത്ത് പനമരത്ത് സജീവമായിരുന്നു. സാധാരണ നെല്ലിനെ അപേക്ഷിച്ച് സുഗന്ധ വിള നെല്ലിന് നീളം കൂടുതലും വലിപ്പം കുറവുമായിരിക്കും. ഈ നെല്ല് അരിയായി പാകപ്പെടുത്തിയെടുക്കാൻ പ്രത്യേകം മില്ല് വേണം. പത്ത് വർഷം മുമ്പ് ഗുണ്ടൽപേട്ടയിലും മറ്റും പോയാണ് ഈ നെല്ല് കർഷകർ പാകപ്പെടുത്തിയിരുന്നത്. ഈയൊരവസ്ഥയിൽ പനമരത്തെ കർഷകരിൽ മിക്കവരും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായി. മില്ല് പണിത് സുഗന്ധവിള േപ്രാത്സാഹിപ്പിക്കാൻ കൃഷി വകുപ്പ് രംഗത്തിറങ്ങുന്നത് പിന്നീടാണ്. 13 വർഷം മുമ്പ് അഞ്ച് ലക്ഷത്തിലേറെ മുടക്കി കെട്ടിടം പണിതു. നെല്ല് സംഭരിക്കാനും മെഷനറികൾ സ്ഥാപിക്കാനും പ്രത്യേകം ഹാളുകളോടെയാണ് കെട്ടിടം ഒരുക്കിയത്. സംസ്ഥാനത്തിന് പുറത്തു നിന്നുമാണ് യന്ത്രങ്ങൾ കൊണ്ടുവരേണ്ടത്. കെട്ടിടം പണിയാനുള്ള ഉത്സാഹം യന്ത്രങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിൽ അധികാരികൾക്കുണ്ടായില്ല. വൈദ്യുതിയുടെ കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ നൂലാമാലകളും മില്ലിനെ അധോഗതിയിലാക്കി. ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. വാടോച്ചാൽ- മേച്ചേരി റോഡിൽ മില്ല് പണിയാൻ സ്ഥലം കൊടുത്തത് പ്രദേശവാസിയായ രാമകൃഷ്ണ ഗൗഡറാണ്. മില്ല് പ്രവർത്തനമാരംഭിക്കാത്ത അവസ്ഥയിൽ ഭൂമി തിരിച്ചുകൊടുക്കണമെന്ന് രാമകൃഷ്ണ ഗൗഡർ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. മില്ലിെൻറ അഭാവത്തിൽ പ്രദേശത്തെ കർഷകർ സുഗന്ധവിള നെൽ കൃഷിയിൽ നിന്നും ഒഴിവാകുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടാകുന്നില്ലെന്ന് വാടോച്ചാൽ പാടശേഖര സമിതി ഭാരവാഹി വാഴക്കണ്ടി രംഗരാജ് പറഞ്ഞു. ഒരു കാലത്ത് പനമരത്തെ വലിയ നെല്ലുൽപാദക കേന്ദ്രങ്ങളായിരുന്നു പരക്കുനി, മാത്തൂർവയൽ, ചീക്കല്ലൂർ, മേച്ചേരി, വാഴക്കണ്ടി, വാടോച്ചാൽ വയലുകൾ. നാല് പതിറ്റാണ്ട് മുമ്പ് ലോറികളിൽ ഇവിടെനിന്ന് നെല്ല് കയറ്റിപ്പോയിട്ടുണ്ട്. നെൽകൃഷി നഷ്ടത്തിലായതോടെ കൂടുതൽ പണം മുടക്കി കൃഷി ചെയ്യാൻ കർഷകർ ഇപ്പോൾ താൽപര്യം കാണിക്കുന്നില്ല. തരിശായ കിടക്കുന്ന പനമരത്തെ നെൽവയലുകളും വയലിലെ കവുങ്ങ് കൃഷിയും ഇതിന് തെളിവാണ്. സുഗന്ധ വിള നെല്ലിന് സാധാരണ നെല്ലിനെ അപേക്ഷിച്ച് വിപണിയിൽ ഇരട്ടിയിലേറെ വിലയുണ്ട്. അതിനാൽ കർഷകർക്ക് ഈ കൃഷിയോട് താൽപര്യവുമുണ്ട്. ഏച്ചോത്തെ മലങ്കര പാടശേഖര സമിതിക്ക് കീഴിൽ ഇത്തവണ 40 കിൻറലോളം സുഗന്ധവിള നെല്ല് വിളവെടുത്തു. പുൽപ്പള്ളി, മീനങ്ങാടി ഭാഗങ്ങളിലെ മില്ലിനെയാണ് ഏച്ചോത്തുകാർ ആശ്രയിക്കുന്നത്. വാടോച്ചാലിൽ മില്ല് യാഥാർഥ്യമായിരുന്നെങ്കിൽ വാഹന ചെലവ് ഇനത്തിൽ നല്ലൊരു തുക ലാഭിക്കാമായിരുന്നുവെന്ന് ഏച്ചോത്തെ കർഷകർ പറഞ്ഞു. മലങ്കര പാടശേഖര സമിതി സുഗന്ധവിള നെൽ ഇത്തവണ വിറ്റത് കിലോക്ക് നൂറുരൂപയിലേറെ വിലക്കാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.