പനമരം: തെങ്ങിൽനിന്ന് നീര ചെത്തി വിൽക്കാനുള്ള അവകാശം കർഷകന് ലഭിച്ചുവെങ്കിലും ജില്ലയിലെ നീര വിപണി തുടങ്ങിയിടത്തു തന്നെ. പനമരത്തും മറ്റും വിൽപന കേന്ദ്രം തുടങ്ങിയിരുന്നുവെങ്കിലും കാര്യമായ ഗുണം കർഷകന് ലഭിച്ചില്ല. തെങ്ങിൽനിന്നും നീര ചെത്തി വിൽക്കാനുള്ള അവകാശം കർഷകന് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ആദ്യം സമരത്തിനിറങ്ങിയത് നടവയൽ ആസ്ഥാനമായുള്ള കർഷക സംഘടനയായ ഫാർമേഴ്സ് റിലീഫ് ഫോറമായിരുന്നു. രണ്ടായിരത്തിെൻറ തുടക്കത്തിൽ നടവയൽ കേന്ദ്രീകരിച്ച് എഫ്.ആർ.എഫ് നടത്തിയ സമരത്തിൽ നിരവധി കർഷകർ ജയിലിലടയ്ക്കപ്പെട്ടു. നീര പരസ്യമായി ചെത്തി വിറ്റതിനായിരുന്നു പൊലീസ് നടപടി. ഒരു തെങ്ങിൽ നിന്നും ദിവസം ഒന്നര ലിറ്റർ നീര ഉൽപാദിപ്പിക്കാമെന്നും അതിലൂടെ കർഷകന് മോശമല്ലാത്ത വരുമാനം ഉണ്ടാക്കാമെന്നും കർഷക സംഘടനാ നേതാക്കൾ അന്ന് അവകാശപ്പെട്ടു. അന്ന് സമരം വയനാട്ടിലൊട്ടാകെ വ്യാപിച്ചെങ്കിലും ശക്തമായ പൊലീസ് നടപടിയിൽ നിരവധി കർഷകർ ജയിലിലായതോടെ സമരം പെട്ടെന്ന് കെട്ടടങ്ങി. 2005 നുശേഷം ജില്ലയിൽ നീരസമരം നിലച്ചുവെങ്കിലും കർഷകർ ഉന്നയിച്ച കാര്യം നാളികേര വികസന ബോർഡ് കാര്യമായി എടുത്തു. 2014 ലാണ് നീര ചെത്താൻ അവകാശം കർഷകന് നൽകിക്കൊണ്ട് സർക്കാർ തീരുമാനമുണ്ടാകുന്നത്. തുടർന്ന് പനമരത്തും മറ്റും നീര പാർലർ തുടങ്ങിയത് ഏറെ കൊട്ടിഗ്ഘോഷിച്ചായിരുന്നു. പാനീയമെന്ന നിലയിൽ നീരക്ക് ജനത്തെ ആകർഷിക്കാനായില്ല. സർക്കാർ തലത്തിൽ നീര ചെത്തി വിൽക്കാനുള്ള നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ കർഷകന് ഗുണമുണ്ടാകൂവെന്ന് പഴയ നീര സമരത്തിൽ പങ്കെടുത്ത് 10 ദിവസം ജയിലിൽ കഴിയേണ്ടി വന്നയാളും ഇന്ന് എഫ്.ആർ.എഫ് സംസ്ഥാന കൺവീനറുമായ എൻ.ജെ. ചാക്കോ പറഞ്ഞു. നീര ചെത്തി വിൽക്കാനുള്ള ചുമതല കമ്പനികൾക്ക് കൊടുത്ത സർക്കാർ നടപടി തെറ്റായ തീരുമാനമാണ്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കും മുമ്പ് കർഷക പ്രതിനിധികളെ സർക്കാർ ചർച്ചക്ക് വിളിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു. പഴയ യു.ഡി.എഫ് സർക്കാറിെൻറ കർഷക വിരുദ്ധ നടപടിയാണ് നീരയുടെ കാര്യത്തിൽ ഉണ്ടായത്. ഒരു തെങ്ങിൽ നിന്നും ഒന്നര ലിറ്റർ നീര ഒരു ദിവസം ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ കർഷകന് കുറഞ്ഞത് 75 രൂപ ആ ഇനത്തിൽ ലഭിക്കും. പത്ത് തെങ്ങുള്ള കർഷകന് മാസം 20,000 രൂപയിൽ മേലെയായിരിക്കും വരുമാനം. ഇപ്പോൾ കള്ള് ചെത്താൻ തെങ്ങ് വിട്ടു കൊടുക്കുമ്പോൾ കർഷകന് കാര്യമായ വരുമാനം ലഭിക്കുന്നില്ല. നീര വലിയ പ്രതീക്ഷയായിരുന്നു ഇക്കാര്യത്തിൽ കർഷകന് കൊടുത്തത്. നീര പ്രശ്നം ഉന്നയിച്ച് വീണ്ടും കർഷകരെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എഫ്.ആർ.എഫ് എന്ന് നേതാക്കൾ പറഞ്ഞു. നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്ത 8000ത്തോളം കർഷകർ ജില്ലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.