മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായ തകർപ്പൻ വിജയം 2026ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണെന്ന് വിലയിരുത്തൽ. മാനന്തവാടി നഗരസഭ, തവിഞ്ഞാൽ, എടവക, തൊണ്ടർനാട്, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിൽ തിളക്കമാർന്ന വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്. തിരുനെല്ലിയിൽ ഭരണം നിലനിർത്താനായതാണ് എൽ.ഡി.എഫിന്റെ ഏക ആശ്വാസം. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകൾ എൽ.ഡി.എഫ് നേടിയിരുന്നു. പനമരത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. മാനന്തവാടി മണ്ഡലം പൊതുവേ യു.ഡി.എഫിന് അനുകൂലമായിരുന്നു. 2006 വരെ യു.ഡി.എഫ് ആണ് വിജയിച്ചത്. 2006ൽ കെ.സി. കുഞ്ഞിരാമനിലൂടെ എൽ.ഡി.എഫ്. മണ്ഡലം പിടിച്ചെടുത്തു.
എന്നാൽ, 2011ൽ പി.കെ. ജയലക്ഷ്മിയിലൂടെ മണ്ഡലം വീണ്ടും യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2016ൽ ഒ.ആർ. കേളുവിലൂടെ എൽ.ഡി.എഫ് വീണ്ടും വിജയ കൊടി പാറിച്ചു. 2021ൽ ജയം ആവർത്തിച്ചു. 2026 ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്സലായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചതും ജില്ല പഞ്ചായത്തിലെ അഞ്ച് ഡിവിഷനുകളിൽ വിജയിച്ചതും യു.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് യു.ഡി.എഫ് ശ്രമമെന്നാണ് സൂചന. എൽ.ഡി.എഫ് ഒ.ആർ. കേളുവിനെ തന്നെ മൂന്നാം തവണയും രംഗത്തിറക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.