വെള്ളമുണ്ട: വെള്ളമുണ്ടയിൽ മുസ് ലിം ലീഗിന് ചരിത്ര വിജയം. മത്സരിച്ച 14 സീറ്റിൽ 14 ഉം വിജയിച്ചാണ് ലീഗ് മുന്നേറ്റം ഉണ്ടാക്കിയത്. ഇതോടെ ഒറ്റക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷവും ലീഗ് നേടി. നേരത്തേ 30 വർഷത്തിലധികം ഭരിച്ച പഞ്ചായത്തിൽ ആദ്യമായാണ് മത്സരിച്ച മുഴുവൻ സീറ്റിലും വിജയിക്കുന്നത്. ആകെയുള്ള 24 സീറ്റിൽ 14 എണ്ണത്തിൽ ലീഗും രണ്ട് എണ്ണത്തിൽ കോൺഗ്രസും ഏഴ് വാർഡിൽ ഇടത്പക്ഷവും ഒരു സീറ്റിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയും വിജയിച്ചു. രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും രണ്ട് ബ്ലോക് പഞ്ചായത്തിലും ലീഗ് വിജയിച്ചു. ഒരു ബ്ലോക് ഡിവിഷനിൽ കോൺഗ്രസും വിജയിച്ചു. കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ചെടുത്ത പഞ്ചായത്ത് ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ഷൈജി ഷിബു ഇത്തവണ പാർട്ടി പരിഗണിക്കാത്തതിനാൽ സ്വതന്ത്രയായിനിന്ന് മംഗലശ്ശേരി മല വാർഡിൽ മത്സരിക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി ഷൈജി ഷിബു വിജയം ഉറപ്പിച്ചു.
കഴിഞ്ഞ തവണ പഞ്ചായത്ത് ഭരണം നേടിയ ഇടതുപക്ഷം ഏഴ് സീറ്റിലേക്ക് ഒതുങ്ങി. സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിന്‍റെ വാർഡിലെ പാർട്ടി സ്ഥാനാർഥിയുടെ പരാജയം സജീവ ചർച്ചയായിട്ടുണ്ട്. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായില്ല. എന്നാൽ, മൂന്നു വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു.
കരിങ്ങാരി വാർഡ് അവിശ്വസനീയ ഫോട്ടോ ഫിനിഷിനും വേദിയായി. എൽ.ഡി.എഫ് 375, എൻ.ഡി.എ 374, യു.ഡി.എഫ് 373 എന്നിങ്ങനെയായിരുന്നു കക്ഷി നില. കരിങ്ങാരിയിൽ ഒരു വോട്ടിനും ബാക്കി എൽ.ഡി.എഫ് ജയിച്ച ആറുവാർഡുകളിൽ വിരലിലെണ്ണാവുന്ന വോട്ടുകൾക്കുമാണ് ഇടത്പക്ഷം ജയിച്ചത്. എസ്.ഡി.പി.ഐ മത്സരിച്ച വാർഡുകളിൽ യു.ഡി.എഫിന്‍റെ വിജയവും ശ്രദ്ധിക്കപ്പെട്ടു. എസ്.ഡി.പി.ഐ പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിനെ പരാജയപ്പെടുത്തുമെന്ന ഇടത് പ്രചാരണത്തിനേറ്റ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.