പനമരം: കെട്ടിടങ്ങളൊന്നും നിർമിക്കാത്തതിനെത്തുടർന്ന് പനമരം നിർമിതി വയൽ കാടുപിടിച്ച് കിടക്കുന്നു. ഇവിടെ നിർമിക്കാൻ പോകുന്ന കെട്ടിടങ്ങളിലേക്ക് മാറാൻ കാത്തിരിക്കുന്ന പനമരത്തെ സർക്കാർ സ്ഥാപനങ്ങൾ നിരവധിയാണ്. അഞ്ചെട്ടു വർഷം മുമ്പ് അധികൃതർ പറഞ്ഞതിനനുസരിച്ചാണെങ്കിൽ നിർമിതി വയൽ ഇതിനോടകം കെട്ടിടങ്ങൾകൊണ്ട് നിറയുമായിരുന്നു. പനമരം പുഴയോരത്താണ് ഒരേക്കറിലേറെ വരുന്ന നിർമിതികേന്ദ്രം വയലുള്ളത്. പണ്ട് നിർമിതി കേന്ദ്രത്തിെൻറ ജില്ല ഓഫിസും നിർമാണ യൂനിറ്റും പ്രവർത്തിച്ചിരുന്നത് ഈ വയലിലാണ്. പത്തുവർഷം മുമ്പ് പൊലീസ് സ്റ്റേഷൻ വരുന്നതിന് മുന്നോടിയായി നിർമിതി ജില്ല ഓഫിസ് ഇവിടെനിന്ന് മാറ്റി. തുടർന്ന് നിർമിതി ഒാഫിസിെൻറ കെട്ടിടത്തിൽ താൽക്കാലികമായി പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചുതുടങ്ങി. ഇപ്പോഴും അസൗകര്യങ്ങൾക്കു നടുവിൽ പഴയ കെട്ടിടത്തിൽതന്നെയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എട്ടുവർഷം മുമ്പ് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് രണ്ടുവർഷത്തിനുള്ളിൽ സ്റ്റേഷൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുമെന്നായിരുന്നു. ഒന്നുമുണ്ടായില്ല. ലോക്കപ്പിെൻറ അഭാവം, ടൗണിൽനിന്നും പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിെൻറ പരിതസ്ഥിതി എന്നിവയൊക്കെ സ്റ്റേഷെൻറ ദൈനംദിന പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ലോക്കപ്പില്ലാത്തതിനാൽ പ്രതികളെ കമ്പളക്കാട് സ്റ്റേഷനിലേക്ക് കൊണ്ടു പോകേണ്ടിവരുന്നു. കേസിലകപ്പെടുന്ന വലിയ വാഹനങ്ങൾ ടൗണിൽ പാലം ജങ്ഷനിൽ നിർത്തിയിടണം. കഷ്ടിച്ച് ജീപ്പിന് കടന്നുപോകാവുന്ന വീതിയെ പൊലീസ് സ്റ്റേഷൻ റോഡിനുള്ളൂ. മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി േബ്ലാക്കുകൾ വിഭജിച്ചാണ് പനമരത്ത് പുതിയ ബ്ലോക്ക് വന്നത്. ബ്ലോക്കിനായി സ്വന്തം കെട്ടിടം പണിയാനും അധികൃതർ സ്ഥലം കണ്ടത് നിർമിതി വയലിലാണ്.അഞ്ചുവർഷം കാലാവധി പൂർത്തിയാക്കിയ ഭരണസമിതി മാറി പുതിയ ഭരണസമിതി വന്നിട്ട് വർഷം കഴിഞ്ഞിട്ടും േബ്ലാക്ക് ഒാഫിസ് കെട്ടിടത്തിെൻറ കാര്യം ഇഴഞ്ഞുതന്നെയാണ്. നിർമാണം ഉടൻ തുടങ്ങുമെന്നാണ് ഇതുസംബന്ധിച്ച് അധികാരികൾ ആവർത്തിക്കുന്നത്. േബ്ലാക്ക് ഒാഫിസ് വാടക ഇനത്തിൽ മാസാമാസം സർക്കാറിന് നല്ലൊരു തുക ഇപ്പോൾ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട നിർമാണങ്ങളും നിർമിതി വയലിൽ ലക്ഷ്യമിട്ടിട്ടുണ്ട്. പുഴയോരത്ത് പാലത്തിനടുത്തായി കെട്ടിടനിർമാണം ഇഴയാൻ തുടങ്ങിയിട്ട് അഞ്ചുവർഷത്തോളമായി. 200 മീറ്ററോളം അകലെയുള്ള കൊറ്റില്ലത്തിലെ പക്ഷികളെ നിരീക്ഷിക്കാനുള്ള ടവറാണ് ഇതെന്ന് പറയുന്നു. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് നിർമിച്ച തറ ആറുമാസം മുമ്പ് വീണ്ടും പൊളിച്ച് നിർമിക്കുകയായിരുന്നു. മാസങ്ങളായി ഇവിടെ ജോലികളൊന്നും നടക്കുന്നുമില്ല. മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമാണ് നിർമിതി വയൽ. കെട്ടിടംപണിക്ക് മുന്നോടിയായി വയൽ ഏറെ ഉയരത്തിലാക്കേണ്ടതുണ്ട്. മാസങ്ങളെടുത്താലേ ഈ പ്രവൃത്തി പൂർത്തിയാകൂ. അത്തരത്തിലുള്ള യാതൊരു ഒരുക്കവും ഇവിടെയുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.