കൽപറ്റ: സൗദി അറേബ്യയിൽ നിര്യാതയായ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിസിലി മൈക്കിളിെൻറ മൃതദേഹം ശനിയാഴ്ച വൈകീട്ട് 4.30ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. സൗദി അറേബ്യയിലെ ഹാഇൽ കിങ്ഖാലിദ് ഹോസ്പിറ്റലിൽ ഏപ്രിൽ 24നാണ് സിസിലി മരിച്ചത്. ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് പള്ളിക്കുന്ന് ലൂർദ് മാത ദേവാലയ പരിസരത്തുള്ള ഹാളിൽ പൊതുദർശനത്തിന് െവക്കും. തുടർന്ന് 9.30ന് മൃതദേഹം ലൂർദ് മാത സെമിത്തേരിയിൽ സംസ്കരിക്കും. 2017 ജനുവരി ആദ്യത്തിലാണ് നഴ്സറി കുട്ടികളെ പരിചരിക്കുന്നതിന് 2500 റിയാൽ ശമ്പളം വാഗ്ദാനം നൽകി മീനങ്ങാടി സ്വദേശികളായ സലീം, റഫീഖ്, കൽപറ്റയിലെ സഫിയ എന്നിവർ ചേർന്ന് റോളക്സ് ട്രാവൽസ് മുഖേന പരിസരത്തുള്ള മൂന്നു സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേരെ സൗദി അറേബ്യയിൽ എത്തിച്ചത്. പറഞ്ഞ ജോലി നൽകാതെ മാനസിക വെല്ലുവിളി നേരിടുന്ന വീട്ടമ്മയെ പരിചരിക്കുന്ന ജോലിയാണ് സിസിലിക്ക് ലഭിച്ചത്. ജോലിക്കിടയിലെ ദുരിതത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിവരാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം മരിക്കുന്നതിന് പത്തു ദിവസം മുമ്പ് സഹോദരന്മാരെ സിസിലി ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ബന്ധുക്കൾ ജനപ്രതിനിധികൾക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. സിസിലിയുടെ അവസ്ഥയറിഞ്ഞ്, മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ജിദ്ദ കെ.എം.സി.സി സെക്രട്ടറി അണക്കായ് റസാഖ് സിസിലിയുമായും ഏജൻറ് റഫീഖുമായും സംസാരിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഏജൻറ് ഇത് അവഗണിക്കുകയായിരുന്നു. ഏപ്രിൽ 23ന് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ബാധിച്ച് സിസിലിയെ ഹാഇലിലെ കിങ്ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് സിസിലി മരിക്കുന്നത്. സിസിലിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി പ്രവർത്തകർ ഇടപെടുകയും ആദ്യം സഹകരിക്കാൻ കൂട്ടാക്കാത്ത സ്പോൺസർ ശക്തമായ സമ്മർദത്തെ തുടർന്ന് സഹകരിക്കുകയുമായിരുന്നു. ഹാഇൽ കെ.എം.സി.സി ജനറൽ സെക്രട്ടറി മൊയ്തു മൊകേരിയുടെ പേരിൽ അനുമതിപത്രം ലഭിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പൂർത്തിയായത്. റിയാദിലെ എംബസിയിൽനിന്ന് നിയമനടപടി പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ ആബിദ് ചുണ്ടേൽ, ബിജോയ് വർഗീസ്, ഷറഫു കുമ്പളാട്, സിദ്ദീഖ് തുവ്വൂർ, മൻസൂർ മേപ്പാടി, ഷമീർ മടക്കിമല, മുരളി, എംബസി ഉദ്യോഗസ്ഥനായ ഹരീഷ് തുടങ്ങിയവരും കൂടെനിന്നു. ഒരു വർഷം മുമ്പാണ് സിസിലിയുടെ പിതാവ് മൈക്കിൾ നിര്യാതനായത്. അമ്മ: എമിലി. ഏക മകൾ: ലിയാ ജോസ് (മിന്നു). ജോസ്, മേരി, ജോൺസൺ, ജോർജ് എന്നിവർ സഹോദരങ്ങളാണ്. മനുഷ്യക്കടത്തു മൂലമാണ് സിസിലിയുടെ മരണം സംഭവിച്ചതെന്നും ഇതിന് േപ്രരണ നൽകിയ വിസ ഏജൻറുമാരുടെയും ട്രാവൽസ് ഉടമകളുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കാട്ടി ഗഫൂർ, പ്രസിഡൻറ് വി.പി. യൂസഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.