പുൽപള്ളി: 40 വർഷം തപാൽ വകുപ്പിൽ സേവനമനുഷ്ഠിച്ചതിനുശേഷം മരണമടഞ്ഞ ആളുടെ നിക്ഷേപതുക നോമിനിയായ ഭാര്യക്ക് നൽകാതെ പോസ്റ്റൽ അധികൃതർ കബളിപ്പിക്കുന്നതായി പരാതി. പുൽപള്ളി അത്തിക്കുനി സി.കെ. ചാത്തു 40 വർഷത്തോളം ചെറ്റപ്പാലം ബ്രാഞ്ച് പോസ്റ്റ് ഒാഫിസിലെ ഇ.ഡി പോസ്റ്റ്മാസ്റ്ററായിരുന്നു. 2016 ജനുവരിയിൽ ഇദ്ദേഹം മരിച്ചു. ഇദ്ദേഹത്തിന് പുൽപള്ളി സബ് പേസ്റ്റോഫിസിൽ സ്ഥിര നിക്ഷേപമായി 62,967 രൂപ ഉണ്ടായിരുന്നു. ഭാര്യയും നോമിനിയുമായ രുഗ്മിണി പാസ്ബുക്കുമായി കഴിഞ്ഞ മേയിൽ പുൽപള്ളി പോസ്റ്റ്മാസ്റ്ററെ സമീപിച്ചപ്പോൾ നോമിനേഷൻ ഫോറം കാണുന്നില്ലായെന്നും വക്കീലിനെ കണ്ട് നിയമപ്രകാരം അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി വീണ്ടും സമീപിച്ചപ്പോൾ 50,000 രൂപക്ക് മുകളിലുള്ള തുകയായതിനാൽ അപേക്ഷ കൽപറ്റ ഹെഡ്ഒാഫിസിലേക്ക് അയക്കണമെന്ന് അറിയിച്ചു. വീണ്ടും നിരവധി തവണ സമീപിച്ചപ്പോൾ പാസ് ബുക്കും അപേക്ഷകളും കൽപറ്റ പോസ്റ്റ് ഒാഫിസിൽനിന്ന് നഷ്ടപ്പെട്ടുവെന്ന മറുപടിയാണ് ലഭിച്ചത്. കബളിപ്പിക്കുന്ന നടപടിക്കെതിരെ രുഗ്മിണി കോഴിക്കോട് ഡിവിഷൻ പോസ്റ്റ് ഒാഫിസ് സീനിയർ സൂപ്രണ്ട്, കോഴിക്കോട് നോർത്തേൺ റീജ്യൻ പോസ്റ്റ്മാസ്റ്റർ ജനറൽ എന്നിവർക്ക് പരാതി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.