മാനന്തവാടി: നാലാംമൈൽ റോഡിൽ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകർണൻ റോഡിലെ ജനവാസകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങുന്നതിനെതിരെയുള്ള പ്രദേശവാസികളുടെ സമരം നാലാം ദിവസം പിന്നിട്ടതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ കള്ള് അളക്കുന്നത് തടസ്സപ്പെട്ടു. ചൊവ്വാഴ്ച അളക്കാനായി കള്ള് എത്തിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ കള്ളുഷാപ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു ഒരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്നും കള്ളുഷാപ്പ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും പ്രദേശവാസികൾ പറഞ്ഞു. വയലുണ്ടായിരുന്ന സ്ഥലം മണ്ണിട്ടുനികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താൽക്കാലിക കെട്ടിടം നിർമിച്ചത്. പ്രദേശത്തെ പുഴക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാൻ ശ്രമിക്കുന്നത്. ഇത് ഭാവിയിൽ വലിയ ദുരന്തങ്ങളും സ്കൂൾ, കോളജ് കുട്ടികൾ ഉൾപ്പെടെയുള്ളവർ വഴിതെറ്റുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, തങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്ന് ഷാപ്പ് അധികൃതർ വ്യക്തമാക്കുന്നു. കെട്ടിടത്തിനു എടവക പഞ്ചായത്തിൽനിന്ന് നമ്പർ ലഭിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. കള്ളുഷാപ്പ് വിരുദ്ധസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന് കെ.വി. ഷാജു, വി.കെ. ബാലചന്ദ്രൻ, എൽസി മാത്യു, കെ.പി. ബേബി, എലിയാമ്മ ജോൺ എന്നിവർ നേതൃത്വം നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.