പനമരം: നീർവാരം പരിയാരത്ത് ആന ഇറങ്ങുന്നത് പതിവായതോടെ വനംവകുപ്പ് നട്ടംതിരിയുന്നു. ആളപായമുണ്ടാകാതെ ആനയെ കാട്ടിലേക്ക് കയറ്റിവിടുക ഇപ്പോൾ വലിയ പ്രശ്നമായിരിക്കുകയാണ്. നെയ്കുപ്പ വനത്തിലെ നീർവാരം, അഞ്ഞണിക്കുന്ന്, അമ്മാനി എന്നീ പ്രദേശങ്ങളിലൂടെയാണ് പരിയാരത്ത് ആന എത്തുന്നത്. ഇവിടത്തെ സ്വകാര്യ എസ്റ്റേറ്റിലെത്തുന്ന ആനകൾ പകലും കാട്ടിലേക്ക് തിരിച്ചുപോകാൻ മിനക്കെടാറില്ല. എസ്റ്റേറ്റിൽ ചക്ക ധാരാളമുണ്ട്. ഇതാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്. വനംവകുപ്പ് അധികൃതർ ആനകളെ കാട്ടിലേക്ക് തുരത്തിയാലും താമസിക്കാതെ ആനകൾ വീണ്ടും എത്തും. രണ്ട് വനം ഓഫിസുകൾക്ക് കീഴിലാണെന്നതാണ് പരിയാരം പ്രദേശത്തിെൻറ പ്രത്യേകത. പ്രദേശത്തിെൻറ കൂടുതൽ ഭാഗവും വെള്ളമുണ്ട ഓഫിസ് പരിധിയിലാണ്. ആന ഇറങ്ങിയാൽ വെള്ളമുണ്ടയിൽനിന്ന് വനം ഉദ്യോഗസ്ഥർ എത്താൻ ഒന്നര മണിക്കൂറിലേറെ വേണം. നെയ്കുപ്പയിൽനിന്നാണെങ്കിൽ അര മണിക്കൂർ മതി. കഴിഞ്ഞ ദിവസം ആന എത്തിയപ്പോൾ നാട്ടുകാർ മാത്രമാണ് ഉണ്ടായിരുന്നത്. 10 മണിക്കൂറിനുശേഷം ആനകൾ സ്വയം കാട്ടിലേക്ക് തിരിച്ചുപോയി. നാട്ടുകാരുടെ ജാഗ്രതകൊണ്ടാണ് പലപ്പോഴും ആളപായം ഒഴിവാകുന്നത്. പരിയാരത്തിനടുത്തെ പാതിരിയമ്പം, ചെക്കിട്ട, ചെഞ്ചടി, കായക്കുന്ന് എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശവാസികൾ ഉറക്കമിളച്ചിരുന്ന് പടക്കം പൊട്ടിച്ചും, ഒന്നിച്ച് ബഹളമുണ്ടാക്കിയും മറ്റുമാണ് ആനയെ ഓടിക്കുന്നത്. നെയ്കുപ്പ ഫോറസ്റ്റ് ഓഫിസിനടുത്ത് പതിവായി എത്തുന്ന കൊമ്പനാനക്ക് സാധാരണയിലേറെ വലുപ്പമാണെന്ന് നാട്ടുകാർ പറയുന്നു. കല്ലെടുത്തെറിയുകയോ മറ്റോ ചെയ്താൽ പ്രതികാര ദാഹിയായി പിറ്റേ ദിവസവും അതേ സ്ഥലത്ത് എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നടവയൽ-പുൽപള്ളി റോഡിൽ സന്ധ്യമയങ്ങിയാൽ ഈ കൊമ്പനെ പേടിച്ച് സഞ്ചരിക്കാനാവില്ല. ആനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധിയാണ്. ആനയെ ഓടിക്കാൻ കാവൽ നിൽകുന്ന വാച്ചർമാർ തെറ്റാലിയും പടക്കവുമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.