ചൂ​ട് ക​ന​ത്തു: ബാ​ണാ​സു​ര മ​ല​നി​ര​ക​ൾ കാ​ട്ടു​തീ ഭീ​ഷ​ണി​യി​ൽ

വെള്ളമുണ്ട: വേനൽ കടുത്തതോടെ ബാണാസുര മലനിരകൾ കാട്ടുതീ ഭീഷണിയിൽ. പടിഞ്ഞാറത്തറ, വെള്ളമുണ്ട, തൊണ്ടർനാട്, തരിയോട് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ബാണാസുര മലനിരകളിൽ പലയിടങ്ങളിൽ ഇതിനകം ഏക്കർകണക്കിന് വനം കത്തിനശിച്ചിട്ടുണ്ട്. കാട്ടരുവികൾ വറ്റിയതോടെ അതീവ ജൈവപ്രാധാന്യമുള്ള മലനിരകൾ കടുത്ത വരൾച്ച നേരിടുകയാണ്. കുറ്റിക്കാടുകൾ ഉണങ്ങിനിൽക്കുന്നതിനാൽ ചെറിയ തീപ്പൊരികൾ വൻ നാശമാണ് ഉണ്ടാക്കുന്നത്. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ കുറച്ച് ആശ്വാസം പകർന്നെങ്കിലും ബാണാസുര മലനിരകളിൽ ഇതുവരെ വേനൽമഴ ലഭിച്ചിട്ടില്ല. വലിയ മരങ്ങളടക്കം മലമുകളിലെ പല ഭാഗങ്ങളിലായി ഉണങ്ങിത്തുടങ്ങി. മലമുകളിലെ വനമാണ് വ്യാപകമായി കത്തിനശിക്കുന്നത്. ഇവിടേക്ക് പെെട്ടന്ന് എത്തിപ്പെടാൻ കഴിയാത്തതിനാൽ വനം കത്തുന്നത് താഴെനിന്ന് നോക്കിനിൽക്കാനേ വനംവകുപ്പ് ജീവനക്കാർക്ക് കഴിയുന്നുള്ളൂ. മലയിലും ചുറ്റുഭാഗങ്ങളിലും പടരുന്ന കാട്ടുതീ ജലസ്രോതസ്സ് കൂടി വറ്റിക്കുന്നു. ഇത് വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടർനാട് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിനും ഇടയാക്കുന്നു. ഈ മൂന്ന് പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള പദ്ധതികളും ബാണാസുര മലനിരകളിലെ നീർച്ചാലുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഓരോ വർഷവും ഏക്കർ കണക്കിന് വനം കത്തിത്തീരുമ്പോഴും ഇത് തടയാൻ ശാസ്ത്രീയ മാർഗങ്ങളില്ല. മലമുകളിലേക്ക് ആളുകൾക്ക് എത്തിപ്പെടാനുള്ള റോഡ്‌ പോലും കാടുമൂടി ഉപയോഗശൂന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.