മേപ്പാടി: അഞ്ചുമാസത്തോളമായി പൂട്ടിക്കിടക്കുന്ന ചെമ്പ്ര എസ്റ്റേറ്റ് തുറക്കാന്‍ നടപടി സ്വീകരിക്കാമെന്ന മാനേജ്മെൻറ് നല്കിയ ഉറപ്പും നടപ്പായില്ല. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് ഒരാഴ്ചക്കുള്ളില്‍ എസ്റ്റേറ്റ് തുറക്കാമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകിയത്. 2016 സെപ്റ്റംബറിലെ കൂലി കുടിശ്ശിക തുക ഇതിനകം തൊഴിലാളികള്‍ക്ക് മാനേജ്മെൻറ് വിതരണം ചെയ്യുകയുണ്ടായി. ഇതോടെ ഒക്ടോബർ 27ന് പൂട്ടിയ തോട്ടം തുറക്കാന്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നെങ്കിലും പിന്നീടിതുവരെ ഒരു നടപടിയുമുണ്ടായില്ല. ഇത് തൊഴിലാളികളില്‍ നിരാശയാണുണ്ടാക്കിയിരിക്കുന്നത്. സംയുക്ത ട്രേഡ് യൂനിയന്‍ ആക്ഷന്‍ കമ്മിറ്റിയാകട്ടെ കൂടുതല്‍ ശക്തമായ സമരത്തിന് നിർബന്ധിതരായിരിക്കുകയുമാണ്. വെള്ളിയാഴ്ച ആക്ഷന്‍ കമ്മിറ്റി യോഗം ചേർന്നിരുന്നു. തോട്ടം അളന്നുതിരിച്ച് തൊഴിലാളികള്‍ക്ക് വീതിച്ചുനല്കുന്നതടക്കമുള്ള സമരത്തിലേക്ക് നീങ്ങണമെന്ന അഭിപ്രായമാണ് ഉയർന്നുവരുന്നത്. മാർച്ച് 20ന് തൊഴിലാളികളുടെ വിപുല യോഗം വിളിച്ചുചേർക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ ശക്തമായ സമരപരിപാടികള്‍ നേതൃത്വം പ്രഖ്യാപിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.