പുൽപള്ളി: മഴയില്ലാ നാടായി പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങൾ മാറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ, പുൽപള്ളി പഞ്ചായത്തിൽ ഒരുതുള്ളി പോലും പെയ്തില്ല. മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ, പാടിച്ചിറ ഭാഗങ്ങളിൽ ഒരുവട്ടം മാത്രം മഴ ലഭിച്ചു. എല്ലാ ദിവസവും മഴമേഘങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും തുള്ളി വീണില്ല. കാലാവസ്ഥ വ്യതിയാനം മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതിെൻറ സൂചനയാണിെതന്ന് പറയപ്പെടുന്നു. കർണാടകയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണിവ. ഡക്കാൻ പീഠഭൂമിയുടെ ഓരത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് കർണാടക അതിർത്തി ഗ്രാമങ്ങൾ. അവിടങ്ങളിലെ കാലാവസ്ഥ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലും കാണപ്പെടാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സ്വാഭാവിക വനത്തേക്കാൾ തേക്കിൻ കാടുകളാൽ വലയം ചെയ്യപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. കർണാടകയിൽനിന്നുള്ള മരുക്കാറ്റ് സദാസമയവും വീശുകയും ചെയ്യുന്നു. മുമ്പെല്ലാം തോട്ടങ്ങളിൽ നിറയെ മരങ്ങളുണ്ടായിരുന്നു. ഇന്നതെല്ലാം ഓർമയായി. അവശേഷിക്കുന്ന മരങ്ങൾപോലും വെട്ടിനീക്കുന്നു. കുഴൽകിണറുകളുടെ എണ്ണവും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കുഴൽകിണറുകളുള്ള പ്രദേശം പുൽപള്ളി മേഖലയാണ്. 500ഉം 600ഉം അടി ആഴത്തിലാണ് മിക്ക കുഴൽകിണറുകളുമുള്ളത്. പ്രധാന ജലേസ്രാതസ്സ് കബനിയും കന്നാരംപുഴയും കടമാൻ തോടുമാണ്. ഇവയിൽനിന്നെല്ലാം വൻ തോതിലുള്ള മണലൂറ്റൽമൂലം ഇവ മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ വയലുള്ള പ്രദേശമായിരുന്നു പുൽപള്ളി. ഇന്ന് വയലേലകളുടെ അളവ് നാലിലൊന്നായി കുറഞ്ഞു. ഇത്തരം ഘടകങ്ങളെല്ലാം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. 60 ശതമാനത്തോളം മഴക്കുറവാണ് ജില്ലയിൽ ഉണ്ടായത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ കണക്കുകൾ പരിശോധിച്ചാൽ മഴയുടെ അളവ് 20 ശതമാനത്തിലും താഴെയാണ് ലഭിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരത്തിൽ മഴയുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ് ഇവിടെ. മഴനിഴൽ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ രണ്ട് പഞ്ചായത്തുകളും. കാലാവസ്ഥ വ്യതിയാനത്താൽ കാർഷിക മേഖല തകർന്നടിഞ്ഞ നിലയിലാണ്. പ്രധാന വിളകളായ കാപ്പിയും കുരുമുളകുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. കാർഷിക മേഖലയെ ആശ്രയിച്ചാണ് പ്രദേശത്തെ കർഷകരുടെ നിലനിൽപ്. വിളനാശം തുടർക്കഥയായതോടെ മിക്കവരും കടക്കെണിയിലായി. ജലസേചന സൗകര്യങ്ങളും പ്രദേശത്തില്ല. ഇക്കാരണത്താൽ മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണ് കർഷകർ നടത്തുന്നത്. മേഖലയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.