സുല്‍ത്താന്‍ ബത്തേരി: വികസനത്തിന് ഊന്നല്‍ നല്കി ബത്തേരി നഗരസഭ ബജറ്റ് ഡെപ്യൂട്ടി ചെയര്പേഴ്സന് ജിഷ ഷാജി അവതരിപ്പിച്ചു. 120,44,12,491 രൂപ വരവും 118,04,25,000 രൂപ ചെലവും 2,39,87,491 രൂപ ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കൃഷിയുമായി ബന്ധപ്പെട്ട കവിതയോടെ ബജറ്റ് അവതരണം തുടങ്ങിയെങ്കിലും തുച്ഛമായ തുകയാണ് കൃഷി സംരക്ഷണത്തിനായി മാറ്റി വെച്ചത്. കഴിഞ്ഞ വേനലില്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ നെല്ലാണ് ഉണങ്ങിപ്പോയത്. ജലസംരക്ഷണത്തിന് ഏറ്റവും അനിവാര്യമായ മാര്ഗമായിരുന്നിട്ടും നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കാര്യമായ തുക വകയിരുത്തിയില്ല. നെല്‍കൃഷി പ്രോത്സാഹനത്തിന് 75 ലക്ഷവും മത്സ്യകൃഷിക്ക് അഞ്ച് ലക്ഷവും ജൈവ പച്ചക്കറികൃഷിക്ക് 25 ലക്ഷവുമാണ് അനുവദിച്ചത്. സാംസ്കാരിക പൈതൃക കേന്ദ്രം നിര്‍മിക്കുന്നതിന് 40 കോടിയും ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിന് 27 കോടിയും നീക്കിവെച്ചു. സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനായി 2.14 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കിണറുകള്‍ നവീകരിക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുമായാണ് തുക ചെലവഴിക്കുക. കാരാപ്പുഴ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് 1.5 കോടി ചെലവഴിക്കും. ടൗണിെൻറ വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് 10 ലക്ഷം നീക്കിവെച്ചു. സമ്പൂര്‍ണ ഭവന പദ്ധതിക്കായി മൂന്നു കോടിയാണ് വകയിരുത്തിയിരിക്കുന്നത്. വീടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് 60 ലക്ഷം. മുനിസിപ്പാലിറ്റി ഓഫിസ് നവീകരണത്തിനായി ഒരു കോടി. ആരോഗ്യ മേഖലക്ക് 29 ലക്ഷമാണ് മാറ്റിവെച്ചത്. സാംക്രമിക രോഗ പ്രതിരോധം, അർബുദ നിര്‍ണയം, മരുന്നു വാങ്ങുന്നതിനും ആശുപത്രിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് തുക. സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, കെട്ടിടം, ശുചിമുറി എന്നിവ നിര്‍മിക്കുന്നതിനായി രണ്ടുകോടി വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നു കോടി മാറ്റിവെച്ചു. വിവാഹ ധനസഹായം നല്‍കുന്നതിന് 7.5 ലക്ഷം വകയിരുത്തി. പട്ടികജാതി, വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും വീടുവെക്കുന്നതിനുമായി രണ്ടുകോടി അനുവദിച്ചു. ക്ഷീര മേഖല സംരക്ഷണത്തിനായി ഒരു കോടിയാണ് വകയിരുത്തിയത്. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിന് നാല് കോടിയും അറ്റകുറ്റപ്പണികള്‍ക്കായി മൂന്നു കോടിയും പാലങ്ങള്‍ക്കും കൾവര്ട്ടുകള്ക്കുമായി ഒരു കോടിയും വകയിരുത്തി. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുന്നതിനും നഗരസഭയുടെ സൗന്ദര്യവത്കരണത്തിനും അഞ്ചുലക്ഷം വീതം നീക്കിവെച്ചു. സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷവും വകയിരുത്തി. 2,39,10,491 രൂപയാണ് മുന്‍ ബാക്കിയുള്ളത്. മുനിസിപ്പല്‍ ചെയര്മാന് സി.കെ. സഹദേവന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.