പൊഴുതന: പകൽ താപനില മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ തോട്ടംതൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച നടപടി തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. രാവിലെ ഏഴുമുതൽ ഉച്ച ഒന്നര വരെയാണ് പുതുക്കിയ ജോലിസമയം. കഴിഞ്ഞ ദിവസം ചേർന്ന കലക്ടറുടെയും യൂനിയൻ ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനമായത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 30 ഡിഗ്രിക്ക് മുകളിലുള്ള ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഹാരിസൺ മലയാളം ലിമിറ്റഡ്, പോഡാർ പ്ലാേൻറഷൻ, എ.വി.ടി ചുളുക്ക, പീവീസ് ഗ്രൂപ്, പദൂർ പ്ലാേൻറഷൻ, ചെമ്പ്ര തുടങ്ങിയ വൻകിട തോട്ടം മേഖലകളിലായി സ്ഥിരം തൊഴിലാളികളും അല്ലാത്തവരുമായ 2000ത്തോളം സ്ത്രീകളാണ് ജോലിചെയ്യുന്നത്. ജില്ലയിൽ മേപ്പാടി, ചുണ്ടേൽ, അരപ്പറ്റ, അച്ചൂർ, കുറിച്യർമല, പെരിങ്കോട തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത്. ഭൂരിഭാഗവും അഞ്ചുവർഷം മുതൽ 20 വർഷം വരെ സീനിയോറിറ്റി ലഭിച്ച സ്ഥിരംതൊഴിലാളികളാണ്. ടോയ്ലറ്റ് സംവിധാനം, ശുദ്ധമായ കുടിവെള്ളമടക്കമുള്ള ആവശ്യങ്ങൾ എന്നിവ തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ പ്ലാേൻറഷൻ മേഖലയിൽ ജോലിചെയ്യുന്നവരിൽ സ്ത്രീതൊഴിലാളികളാണ് ഏറ്റവും കൂടുതൽ ദുരിതം പേറുന്നത്. തൊഴിലാളികൾക്ക് ഇത്തവണ കൂലി വർധിപ്പിച്ച സാഹചര്യത്തിൽ ശരാശരി 25 കിലോ ചപ്പ് വെട്ടണമെന്ന നിബന്ധനയുണ്ട്. കഴിഞ്ഞ വർഷംവരെ ഇത് 21 കിലോയായിരുന്നു. പറിച്ചെടുത്ത തേയില തൂക്കുന്ന സ്ഥലങ്ങളിലേക്ക് കിലോമീറ്ററുകളോളം ചുമക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.