മാനന്തവാടി: മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ വയനാട്ടില്‍ ഏറെ ചർച്ചകൾക്ക് വഴിവെച്ച കാടിന് തീവെച്ച കേസില്‍ ക്രൈംബ്രാഞ്ചിെൻറ അന്വേഷണം മൂന്നാംവര്‍ഷം പിന്നിടുമ്പോൾ അന്വേഷണം നിശ്ചലം. മൂന്നു വർഷത്തിനിടെ കേസുമായി ബന്ധപ്പെട്ട് നിരവധിതവണ ജില്ലയിലെത്തി അന്വേഷണവും ചോദ്യംചെയ്യലുകളും നടത്തിയെങ്കിലും അന്വേഷണസംഘത്തിന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻപോലും സാധിച്ചിട്ടില്ല. 2014 മാര്‍ച്ച് 16നാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍െപ്പടെ ഏഴോളം സ്ഥലത്ത് കാട്ടുതീയുണ്ടായത്.18, 19 തീയതികളിലും തീ വനം വിഴുങ്ങി. നോര്‍ത്ത് വയനാട് വനം ഡിവിഷനിലും വന്യജിവി വിഭാഗത്തിലും പെട്ട തിരുനെല്ലി, ബേഗൂര്‍, തോൽപെട്ടി, പൊതിയൂര്‍, കോട്ടിയൂര്‍, ദേവഗദ്ദ തുടങ്ങിയ വനഭാഗങ്ങളിലായിരുന്നു ഒരേസമയം കാട് കത്തിനശിച്ചത്. 312 ഹെക്ടര്‍ വനമാണ് മൂന്നുദിവസംകൊണ്ട് കത്തിയമര്‍ന്നത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യം വനംവകുപ്പും പൊലീസും അന്വേഷിച്ച കേസ് സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. (ഒ.സി.ഡബ്ല്യൂ) അശോക് കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ സംഘം സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുകയും മാധ്യമപ്രവര്‍ത്തകരുൾപ്പെടെ നിരവധി പേരില്‍നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച്സൈബര് സെല്ലിെൻറയടക്കം സഹായവും തേടിയിരുന്നു. ഒരേസമയം, ഏഴിടത്ത് കാട്ടുതീയുണ്ടായതില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് വനംവകുപ്പ് അഡീഷനല്‍ പി.സി.സി.എഫ് നേരത്തേ റിപ്പോര്‍ട്ട് നൽകിയിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് സംഘത്തിന് ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ തീയിട്ടതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശിയായ ബാലകൃഷ്ണന് എന്നയാളെ അറസ്റ്റു ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞതിെൻറ അടിസ്ഥാനത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. കാട്ടുതീ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തേ മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു. വനം പൊലീസ് ഇൻറലിജന്‍സ് വിഭാഗങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളും കാടിന് തീ വെക്കുന്നതിന് പിന്നില്‍ കലാശിച്ചതായി വിലയിരുത്തലുകളുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുമൃഗശല്യം കുറയാന്‍ പ്രദേശവാസികള്‍ തീയിട്ടതാകാമെന്നും ആരോപണമുണ്ടായിരൂന്നൂ. വനം വകുപ്പില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് താല്‍ക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങിയിരുന്നു. എന്നാല്‍, കേസന്വേഷണം ഈ ദിശകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. മൂന്നു വർഷത്തോളം കേസന്വേഷിച്ച അശോക് കുമാർ അടുത്തിടെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായതോടെ ഡോ. ശ്രീനിവാസിെൻറ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തനിക്കറിയില്ലെന്ന നിലപാടിലാണദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.