പുൽപള്ളി: വേനൽ മഴ ലഭിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യയിലെ പ്രധാന വന്യജീവി സങ്കേതങ്ങളായ മുതുമല, നാഗർഹോള, ബന്ദിപ്പൂർ, വയനാട് എന്നിവയിലെ വന്യജീവികളുടെ നിലനിൽപ് അപകടത്തിലാകും. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് വന്യജീവി സങ്കേതം ഉൾപ്പെടുന്ന കാടുകളിൽ ചെറിയരീതിയിൽ വേനൽമഴ ലഭിച്ചിരുന്നു. കാട്ടുതീ തടയുന്നതിനും മറ്റും ഇത് ഉപകാരപ്പെട്ടു. എന്നാൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന മുതുമല, നാഗർഹോള, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ മഴ ഇതുവരെ ലഭിച്ചിട്ടില്ല. പച്ചപ്പ് തേടി വന്യജീവികൾ വയനാടൻ കാടുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ മാൻ, കുരങ്ങ് എന്നിവയുടെ എണ്ണം കാടിെൻറ താങ്ങൽ ശേഷിക്കും അപ്പുറത്താണുള്ളത്. അതിർത്തി കടന്നെത്തുന്ന മൃഗങ്ങൾ കൂടിയാകുന്നതോടെ ഇത് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കാട്ടുതീ ഭീഷണിയിൽനിന്ന് അതിർത്തി സംസ്ഥാനങ്ങൾ ഇനിയും വിമുക്തമായിട്ടില്ല. കൊടും ചൂടാണിപ്പോഴും. തമിഴ്നാട്ടിലെ മുതുമല സങ്കേതത്തിന് 343.23 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. ഇതിനോട് ചേർന്നുകിടക്കുന്ന ബന്ദിപ്പൂർ ദേശീയ കടുവ സങ്കേതത്തിന് 823.7 ചതുരശ്ര വിസ്തീർണവുമുണ്ട്. ഈ വനത്തോട് ചേർന്നാണ് വയനാട് വന്യജീവിസങ്കേതവും നിലകൊള്ളുന്നത്. വയനാടൻ കാടുകളിൽ മാത്രമാണ് അൽപമെങ്കിലും പച്ചപ്പുള്ളത്. ജലാശയങ്ങൾ വറ്റാതെ കിടക്കുന്നതും വയനാട്ടിൽ മാത്രമാണ്. അയൽസംസ്ഥാന വനങ്ങളിൽ വരൾച്ച രൂക്ഷമായതോടെ ജലാശയങ്ങളെല്ലാം വറ്റി. ഇവിടങ്ങളിലെ കുളങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് നിറക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള ദേശീയ പാർക്കാണ് ബന്ദിപ്പൂർ. മുതുമലയിൽ ഇതിനകം നിരവധി ആനകൾ രോഗം ബാധിച്ച് െചരിഞ്ഞു. വരൾച്ച രൂക്ഷമായതോടെ മുതുമലയിലടക്കം ആന സവാരി നിർത്തി. ടൂറിസ്റ്റ് സീസനായിട്ടും കാര്യമായ വരുമാനം ഇവയിൽനിന്ന് ലഭിക്കാതായി. സാധാരണ കടുത്ത ചൂടിൽ രണ്ടാഴ്ചവരെ മുതുമല സങ്കേതം അടച്ചിടാറുണ്ട്. എന്നാൽ, ഈ വർഷം കൂടുതൽ ദിവസങ്ങൾ അടച്ചിടേണ്ടിവരുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.