പുൽപള്ളി: കടമാൻതോട് പദ്ധതിയുമായി ബന്ധപ്പെട്ട് കർമസമിതി വിളിച്ചുചേർത്ത ആലോചനയോഗം അലങ്കോലപ്പെട്ടു. ആനപ്പാറയിലെ കടമാൻതോട് പദ്ധതിപ്രദേശത്തുള്ള ആളുകൾ സംഘടിതരായെത്തി യോഗം തടസ്സപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പദ്ധതി വേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ശനിയാഴ്ച രാവിലെ യോഗം ആരംഭിക്കുന്നതിനുമുമ്പേ പ്രദേശവാസികൾ കൂട്ടമായി എത്തിയിരുന്നു. യോഗം തുടങ്ങിയപ്പോൾ ഇവർ വേദിയിലേക്ക് മുദ്രാവാക്യംവിളിയുമായി കയറി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. ഇതേച്ചൊല്ലി സംഘാടകരും മറുവിഭാഗവും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. ബഹളത്തെത്തുടർന്ന് യോഗം നടത്താൻ കഴിയാത്ത അവസ്ഥയുണ്ടായി. 80 കോടി രൂപ ചെലവിൽ വരൾച്ച പ്രതിരോധത്തിനായി പുൽപള്ളിയിൽ വിവിധ ജലസംരക്ഷണ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കെ കടമാൻ തോട് പദ്ധതി അനാവശ്യമാണെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. പദ്ധതി വന്നാൽ നിരവധി കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി. യോഗത്തിൽ പങ്കെടുക്കാൻ മുള്ളൻകൊല്ലി പഞ്ചായത്തിൽനിന്നുള്ള ജനപ്രതിനിധികൾ എത്തിയിരുന്നു. പുൽപള്ളിയിൽനിന്നുള്ള ആരും എത്തിയില്ല. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എത്തിയിരുന്നു. ബഹളം സംഘർഷത്തിൽ കലാശിക്കുമെന്ന അവസ്ഥ ഉണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. പിന്നീട് യോഗം പിരിച്ചുവിട്ടതായി സംഘാടകർ അറിയിച്ചു. കടമാൻതോട് ഡാം വിരുദ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ. കഴിഞ്ഞ ദിവസം പദ്ധതി വേണ്ടെന്ന പോസ്റ്ററുകളും ടൗണിലെങ്ങും പതിച്ചിരുന്നു. സമിതിയുടെ നേതൃത്വത്തിൽ പുൽപള്ളി ടൗണിൽ ഡാമിനെതിരെ പ്രതിഷേധപ്രകടനവും നടന്നു. അതേസമയം, കടമാൻതോട് പദ്ധതി ഉണ്ടായാൽ മാത്രമേ പുൽപള്ളി മേഖലയെ വരൾച്ചയിൽനിന്ന് രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.