ഗൂഡല്ലൂർ: കാട്ടാനകളുടെ സ്വൈരവിഹാരത്തിന് പരിഹാരം കാണാത്തതിനാൽ ജനജീവിതം പ്രതിസന്ധിയിലായി. വിളനശിപ്പിക്കലും വീടുകൾക്ക് നാശം വരുത്തുന്നതും പതിവായിരിക്കുകയാണ്. ആനക്കുട്ടികൾ വീടുകളുടെ വാതിലുകൾ തകർത്ത് ഉള്ളിൽ കടക്കുന്നു. ആനകൾ എത്തിയാൽ കുഞ്ഞുങ്ങളെയും വാരിയെടുത്ത് രക്ഷപ്പെടുക എന്ന അവസ്ഥയിലാണ് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് നഗരവാസികൾ. ഗൂഡല്ലൂർ നഗരത്തിെൻറ ഹൃദയഭാഗത്ത് വരെ കാട്ടാനകൾ എത്തി ഭീതി വിതക്കുന്നു. ഗൂഡല്ലൂർ കോഴിപാലത്ത് ചക്ക കണ്ട് തിന്നാനെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന ടെറസിലെത്തി പ്ലാവിൽപിടിക്കുകയും ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടിയ വീടിനുള്ളിലേക്ക് വീഴുകയുംചെയ്ത സംഭവം ഇൗയിടെ ഉണ്ടായി. ആനക്കുട്ടി വീണ മുറിയിൽ ആരുമില്ലാത്തതിനാൽ ദുരന്തമൊന്നും ഉണ്ടായില്ല. തൊട്ടടുത്ത മുറിയിൽ യുവതി പ്രസവിച്ച് കിടക്കുന്നുണ്ടായിരുന്നു. എന്നാൽ, ആനക്കുട്ടിയുടെ പരാക്രമത്തിനിടെ യുവതിയും കുട്ടികളും രക്ഷപ്പെടുകയായിരുന്നു. നെല്ലാക്കോട്ട അവുണ്ടേലിൽ കാട്ടാനക്കുട്ടി വാതിൽ തകർത്ത് ഉള്ളിൽ കടന്ന് ഭീതി പരത്തിയ സംഭവം ഉണ്ടായി. എസ്റ്റേറ്റ് തൊഴിലാളിയുടെ പാടിമുറിയിലാണ് ആനക്കുട്ടി കയറിയത്. ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും പിറകുവശത്ത് കൂടെ പുറത്തേക്കിറങ്ങി അയൽപക്കത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഇത്തരം സംഭവങ്ങൾ നിരവധിയാണ്. പന്തല്ലൂർ താലൂക്കിലെ അയ്യൻകൊല്ലി, ചേരങ്കോട് ഭാഗത്ത് കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികളടക്കം 13 ആനകളാണ് ദുരിതം വിതക്കുന്നത്. കാട്ടാന മറിച്ചിട്ട കമുക് വീടിന് മുകളിലേക്ക് വീണ് അയ്യൻകൊല്ലിയിലെ കറുത്താട് സ്വദേശി തങ്കരാജെൻറ വീടിെൻറ മേൽക്കൂര തകർന്നു. ഉപ്പട്ടി ഭാഗത്ത് വിളവെടുക്കാറായ നേന്ത്രവാഴകൾ നശിപ്പിച്ചത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കടം വാങ്ങി കൃഷിയിറക്കുന്ന കർഷകൻ ഇത്തരം അക്രമങ്ങൾമൂലം കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലാണ്. കാട്ടാനകളെ പ്രതിരോധിക്കാൻ ശക്തമായ മാർഗങ്ങൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാവുന്നില്ല. മൂന്നടി ആഴത്തിലും മൂന്നരയടി വീതിയിലും കിടങ്ങ് കീറണമെന്നും ആവശ്യമുള്ളിടത്ത് സോളാർ വേലി സ്ഥാപിക്കണമെന്നുമുള്ള പൊതു ആവശ്യംപോലും ചെവിക്കൊള്ളുന്നില്ല. നിലവിലെ കിടങ്ങുകൾ മറികടന്നാണ് ഗ്രാമങ്ങളിലേക്ക് കാട്ടാനകളുടെ വരവുണ്ടാവുന്നത്. മതിയായ നഷ്ടപരിഹാരവും കർഷകർക്ക് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.