മാനന്തവാടി: ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വനംവകുപ്പ് വിൽപന നടത്തിയത് 1642 തൈകൾ മാത്രം. സൗജന്യമായി വിതരണം ചെയ്തത് 40 ലക്ഷത്തോളം രൂപയുടെ വൃക്ഷത്തൈകൾ. ആകെ വിതരണം ചെയ്തത് രണ്ടര ലക്ഷത്തോളം തൈകൾ. വനംവകുപ്പ് സൗജന്യമായി നല്കിയ തൈകള്‍ക്ക് ഒരെണ്ണത്തിന് ശരാശരി 16 രൂപയാണ് െചലവ് വന്നിട്ടുള്ളത്. വനംവകുപ്പിനു കീഴിലുള്ള നഴ്സറികളില്‍ വെച്ചാണ് കൂലിക്ക് തൊഴിലാളികളെ നിര്‍ത്തി തൈകള്‍ വെച്ചുപിടിപ്പിച്ചത്. ടെൻഡർ നടത്തിയും വനത്തിനുള്ളില്‍നിന്ന് വാച്ചര്‍മാര്‍ ശേഖരിച്ചതുമായ വിത്തുകളാണ് നടാനായി ഉപയോഗിച്ചത്. ഇത്തരത്തിലുള്ള 2,43,000 തൈകളാണ് ഈ വര്‍ഷം സാമൂഹിക വനവത്കരണ വിഭാഗം വഴി നല്‍കിയത്. കഴിഞ്ഞ വര്‍ഷമിത് 2,90,000 തൈകളായിരുന്നു. ഇൗ വര്‍ഷം 76,337 തൈകള്‍ വിദ്യാർഥികള്‍ മുഖേനയും 58,922 തൈകള്‍ പഞ്ചായത്തുകള്‍ വഴിയുമാണ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി 1,05,000 തൈകള്‍ വിതരണം നടത്തിയിരുന്നു. ആവശ്യമുള്ള തൈകള്‍ വിദ്യാലയങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു. ഇത്തവണ സ്വന്തം െചലവിൽ സ്കൂൾ അധികൃതർ നഴ്സറികളിലെത്തി തൈകള്‍ കൊണ്ടു പോകണമെന്നായിരുന്നു സര്‍ക്കാര്‍ നിർദേശം. അതാണ് തൈകളുടെ വിതരണത്തിൽ കുറവ് വരാൻ കാരണം. 62,403 തൈകള്‍ സന്നദ്ധസംഘടനകള്‍ വഴി നല്കിയപ്പോള് 11,987 എണ്ണം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയും 13,187 എണ്ണം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും വിതരണം ചെയ്തു. മാധ്യമസ്ഥാപനങ്ങള്‍ വഴി ഈ വര്‍ഷം 4060 തൈകളാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ നിശ്ചയിച്ച 17 രൂപ വില നല്കി 1642 ചെടികള്‍ വിൽപന നടത്തിയപ്പോൾ 27,914 രൂപ മാത്രമാണ് ലഭിച്ചത്. കുറെ തൈകൾ 45 രൂപ തോതിൽ വിൽക്കാൻ തയാറാക്കിയിട്ടുമുണ്ട്. പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെച്ചുപിടിപ്പിക്കുന്ന തൈകളില്‍ മഹാഭൂരിഭാഗവും നശിച്ചു പോകുന്നതായി പരാതികളുയര്‍ന്നിരുന്നു. തുടര്‍ പരിചരണമില്ലാത്തതാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ നഷ്ടപ്പെടാൻ കാരണം. കാട് കത്തിയമര്‍ന്ന തിരുനെല്ലിയില്‍ മുൻവര്‍ഷം തുടര്പരിചരണമുള്പ്പെടെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആഘോഷപൂര്‍വം കുടുംബശ്രീയും വിവിധ കോളജുകളിൽ നിന്നുമുള്ള വിദ്യാര്‍ഥികളും തൈകള്‍ നട്ടത്. എന്നാല്‍, പിന്നീട് തുടര്പരിചരണങ്ങൾ ഉണ്ടായില്ല. മുന്‍വര്‍ഷത്തെ തൈകള്‍ നട്ടുപിടിപ്പിക്കുകപോലും ചെയ്യാതെ കുപ്പാടിത്തറയില്‍ കൂട്ടിയിട്ടനിലയില്‍ ഏതാനും മാസം മുമ്പ് കണ്ടെത്തിയിരുന്നു. ഇതെടുത്തു നീക്കംചെയ്യുകയാണുണ്ടായത്. ഈ വര്‍ഷം പഞ്ചായത്തുകള്‍ വഴി നല്കുന്ന തൈകള്‍ കൃത്യമായി മോണിറ്ററിങ് നടത്തി സംരക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിർദേശമുണ്ടായിരുന്നെങ്കിലും മിക്കയിടങ്ങളിലും ഇതിനാവശ്യമായ കമ്മിറ്റികള്‍ പോലും രൂപവത്കരിച്ചിട്ടില്ല. 10,000 രൂപവരെ പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍നിന്ന് വനവത്കരണത്തിനായി െചലവഴിക്കാന്‍ അനുമതിയും നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.