മാനന്തവാടി: നിസ്സാരമായ തകരാറുകൾ നന്നാക്കാൻ തയാറാകാത്തതിെൻറ പേരിൽ ജില്ല ആശുപത്രിയിലെ ആംബുലൻസുകൾ സർവിസ് നടത്താതെ കട്ടപ്പുറത്ത് കയറ്റി െവച്ചിരിക്കുന്നത് രോഗികൾക്ക് ദുരിതമായി. ജില്ലയിൽ കൂടുതൽ ആദിവാസി വിഭാഗങ്ങളും നിർധനരും ആശ്രയിക്കുന്നത് ജില്ല ആശുപത്രിയെയാണ്. സ്വകാര്യ ആംബുലൻസുകൾക്ക് വാടക കൂടുതലാണെന്നതിനാൽതന്നെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഈ ആശുപത്രിയിലെ ആംബുലൻസുകളാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നിരവധി ആംബുലൻസുകളാണ് സർവിസ് നടത്താൻ കഴിയാതെ കിടക്കുന്നത്. മുൻ മന്ത്രി, എം.പി, ജില്ല പഞ്ചായത്ത്, പട്ടികവർഗ വകുപ്പ് എന്നിവയെല്ലാം ജില്ല ആശുപത്രിയിലേക്ക് ആംബുലൻസുകൾ അനുവദിക്കാറുണ്ടെങ്കിലും നിലവിൽ നാല് ആംബുലൻസുകൾ മാത്രമാണ് ആശുപത്രിയിൽ സർവിസ് നടത്തുന്നത്. ബാറ്ററി ചാർജ് കഴിഞ്ഞവ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനുള്ളവ, ലക്ഷം കിലോമീറ്റർ ദൂരം ഓടിയതിെൻറ സർവിസ് നടത്താനുള്ളവ, ലീഫ് പൊട്ടിയത് തുടങ്ങിയ ചുരുങ്ങിയ െചലവിൽ കേടുപാടുകൾ തീർത്ത് ഉപയോഗയോഗ്യമാക്കാൻ കഴിയുന്ന ആംബുലൻസുകൾ വരെ അധികൃതരുടെ അലംഭാവം കാരണം സർവിസ് നടത്താൻ കഴിയാതെ പോകുന്നു. ഉപയോഗിക്കാൻ കഴിയില്ലെന്ന കാരണംപറഞ്ഞ് മോർച്ചറി പരിസരത്തേക്ക് തള്ളിമാറ്റിയിടുന്നതിനിടെ ആംബുലൻസ് സ്റ്റാർട്ടായ സംഭവവും കഴിഞ്ഞദിവസം ജില്ല ആശുപത്രിയിൽ ഉണ്ടായി. അറ്റകുറ്റപ്പണികളുടെ പേരിൽ പുതിയ വാഹനങ്ങൾപോലും സർവിസ് നടത്താതെ നിർത്തിയിട്ടിരിക്കുകയാണ്. ഉപയോഗശൂന്യമെന്ന പേരുപറഞ്ഞ് മാറ്റിയിട്ടിരിക്കുന്ന ആംബുലൻസുകൾ ലേലം ചെയ്യാനെങ്കിലും തയാറാവുകയാണെങ്കിൽ സർക്കാറിലേക്ക് ഫണ്ട് ലഭിക്കും. മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുകയാണ് ഈ വാഹനങ്ങൾ. നിരവധിപേർക്ക് ഏറെ ഉപകാരപ്രദമാകേണ്ട ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് രോഗികളുടെയും കുട്ടിരിപ്പുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.