മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ. ആരോഗ്യവകുപ്പിെൻറ പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു. ബത്തേരി തൊവരിമല സ്വദേശിനിയായ 30കാരിക്കാണ് ഏറ്റവും അവസാനമായി രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്നിന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ തൊണ്ടവേദനയും പനിയുമായി ചികിത്സ തേടിയെത്തിയ യുവതിയുടെ സ്വാബ് കള്‍ച്ചർ, പി.സി.ആര് പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍നിന്നുമുള്ള പരിശോധനഫലം ശനിയാഴ്ചയാണ് ലഭിച്ചത്. ഇതോടെ ഈ വർഷം ജില്ലയില്‍ രോഗബാധിച്ചവരുടെ എണ്ണം ആറായി. ഇതിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്ത്രീകളാണ്. കഴിഞ്ഞദിവസം വെള്ളമുണ്ട സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം മലപ്പുറത്ത് ഉണ്ടായതുപോലെയുള്ള സാഹചര്യം ഒരു ജില്ലയിലും വരാതിരിക്കാനുള്ള ശക്തമായ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഒരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് ആരോഗ്യവകുപ്പ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ, ജില്ലയിൽ മൊത്തമായി പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യവകുപ്പ് നിസ്സംഗതയാണ് പുലർത്തുന്നത്. മഴക്കാലം ശക്തമാകുന്നതോടെ വൈറൽ പനി, എച്ച്1 എച്ച് 2, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയേറെയാണ്. മുൻകാലങ്ങളിൽ വാർഡടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത്തവണ അത്തരത്തിലുള്ള ഒരു പ്രവർത്തനവും നടന്നിട്ടില്ല. അതേസമയം, രോഗബാധ സ്ഥിരീകരിച്ച തൊവരിമലയിലെ യുവതിയുടെ ചെറിയ മക്കളടക്കം പ്രദേശത്തെ നൂറോളം വീടുകളിലെ അംഗങ്ങളെയും പ്രത്യേകമായി നിരീക്ഷിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തി. എറിത്രോമൈസിനടക്കമുള്ള രോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യാനും പ്രദേശത്തെ സ്കൂള്‍, അംഗന്‍വാടി മുതലായവ കേന്ദ്രീകരിച്ച് ഡിഫ്തീരിയ പ്രതിരോധ ബോധവത്കരണം നടത്താനും ജില്ല ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.