കൽപറ്റ: മാനേജ്മെൻറ് ലോക്കൗട്ട് ചെയ്ത ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് ജൂലൈ ഒന്നിന് തുറക്കാൻ ധാരണ. ശനിയാഴ്ച കോഴിക്കോട് അസിസ്റ്റൻറ് ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ തൊഴിലാളി യൂനിയൻ നേതാക്കളും മാനേജ്മെൻറ് ഭാരവാഹികളും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. എന്നാൽ, തൊഴിലാളികളുടെ ശമ്പള, ബോണസ് വിഷയങ്ങൾ ശനിയാഴ്ച ചർച്ച ചെയ്തില്ല. ഇതു സംബന്ധിച്ച് ഈ മാസം ഏഴിന് തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമെടുക്കും. ശനിയാഴ്ച നടന്ന ചർച്ചയിൽ തോട്ടം തുറക്കുന്ന സമയം മുതൽ മൂന്ന് മാസത്തേക്ക് തൊഴിലാളികൾക്ക് മാസത്തിൽ 15 തൊഴിൽ ദിനങ്ങളേ നൽകാനാവുവെന്നാണ് മാനേജ്മെൻറ് അറിയിച്ചത്. എന്നാൽ, ഈ ഇളവ് ഒരു മാസത്തേക്ക് മാനേജ്മെൻറിന് നൽകാമെന്നാണ് തൊഴിലാളി യൂനിയനുകളുടെ നിലപാട്. ഇക്കാര്യങ്ങളും തുടർച്ചയിലൂെട പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2016 ഒക്ടോബർ 27നാണ് ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് മാനേജ്മെൻറ് ലോക്കൗട്ട് ചെയ്തത്. ലോക്കൗട്ട് സംബന്ധിച്ച് നോട്ടീസ് ഒരാഴ്ചമുമ്പ് നൽകണമെന്നിരിക്കെ 26ന് മാത്രമാണ് അധികൃതർ നോട്ടീസ് പതിച്ചത്. കമ്പനി കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞായിരുന്നു അടച്ചുപൂട്ടിയത്. ഇതോടെ, തോട്ടത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 320ഓളം തൊഴിലാളികൾ തൊഴിലില്ലാതാകുകയും സമരത്തിനിറങ്ങുകയുമായിരുന്നു. 250 ദിനങ്ങളിലെ ഭൂമി കൈയേറ്റമുൾപ്പെടെയുള്ള സമരങ്ങൾക്കൊടുവിലാണ് ഇപ്പോൾ എസ്റ്റേറ്റ് തുറക്കാൻ ധാരണയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.