വരുന്നു, വയനാട് പ്രീമിയര്‍ ലീഗ്

കല്‍പറ്റ: ഫുട്ബാളിന്‍െറ ആവേശപ്പെരുമഴയിലേക്ക് വയനാടിന്‍െറ ഗോള്‍കിക്ക്. ബ്യൂട്ടിഫുള്‍ ഗെയിമിന്‍െറ ചേതോഹര കാഴ്ചകളിലേക്ക് വയനാടന്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് അവസരമൊരുക്കുന്ന വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ഫെബ്രുവരി മൂന്നാം വാരത്തില്‍ വിസില്‍ മുഴങ്ങും. വന്‍ താരനിരയെ അണിനിരത്തി ഐ.എസ്.എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന് അരങ്ങൊരുക്കുന്നത് വയനാട് ജില്ല ഫുട്ബാള്‍ അസോസിയേഷനും സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ്. കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ അംഗീകാരമുള്ള സെവന്‍സ് ലീഗ് ടൂര്‍ണമെന്‍റായാണ് കെട്ടിലും മട്ടിലും ഏറെ പുതുമകളോടെ വയനാട് പ്രീമിയര്‍ ലീഗ് ജില്ലയുടെ ആവേശമാകാന്‍ ഒരുങ്ങുന്നത്. കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ 12 ടീമുകള്‍ വയനാടിന്‍െറ കാല്‍പന്തു കിരീടത്തിനായി അടരാടാനിറങ്ങും. 5,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്‍െറ നിര്‍മാണം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഫുട്ബാളിന്‍െറ വളര്‍ച്ചക്കും പ്രചാരണത്തിനുമുള്ള സംരംഭമെന്ന നിലക്കാണ് ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കുന്നത്. നിലവില്‍ ജില്ല എ ഡിവിഷന്‍ ലീഗില്‍ പയറ്റിത്തെളിഞ്ഞ ആറു ടീമുകള്‍ക്കു പുറമെ ഫുട്ബാളിന് വേരോട്ടമുള്ള പ്രാദേശിക ഇടങ്ങളില്‍നിന്ന് ആറു ടീമുകള്‍ കൂടി അങ്കത്തിനിറങ്ങും. നോവ അരപ്പറ്റ, വയനാട് ഫാല്‍ക്കന്‍സ്, ഡൈന അമ്പലവയല്‍, ഡബ്ള്യു.എം.ഒ കോളജ്, ഫ്രണ്ട്ലൈന്‍ കുപ്പാടി, സ്പൈസസ് മുട്ടില്‍ എന്നിവക്കു പുറമെ പനമരം, മീനങ്ങാടി, മാനന്തവാടി, പൊഴുതന, സുല്‍ത്താന്‍ ബത്തേരി തുടങ്ങി ഫുട്ബാള്‍ ആവേശത്തിന് കേളികേട്ട പ്രദേശങ്ങളെ പ്രതിനിധാനം ചെയ്തും ടീമുകള്‍ മത്സരിക്കാനിറങ്ങും. വയനാടിന്‍െറ ഫുട്ബാള്‍ വളര്‍ച്ചക്ക് പിന്തുണയേകാന്‍ ഉതകുന്ന രീതിയില്‍ സ്ഥിരം ടൂര്‍ണമെന്‍റായി പ്രീമിയര്‍ ലീഗിനെ മാറ്റിയെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രാഥമിക റൗണ്ടില്‍ ലീഗ് അടിസ്ഥാനത്തിലും തുടര്‍ന്ന് നോക്കൗട്ട് അടിസ്ഥാനത്തിലുമാകും മത്സരങ്ങള്‍. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഫ്ളഡ്ലിറ്റ് സംവിധാനമൊരുക്കും. വിദേശതാരങ്ങള്‍ക്കു പുറമെ ഐ.എസ്.എല്ലില്‍ പയറ്റിത്തെളിഞ്ഞവരും ദേശീയതലത്തില്‍ കരുത്ത് തെളിയിച്ചവരുമൊക്കെ വിവിധ ടീമുകളുടെ കുപ്പായത്തില്‍ കളത്തിലിറങ്ങും. പ്രാദേശിക താരങ്ങള്‍ക്ക് പ്രോത്സാഹനമെന്ന രീതിയില്‍ ഓരോ ടീമിലും വയനാട്ടില്‍നിന്നുള്ള മൂന്നു താരങ്ങളെ രജിസ്റ്റര്‍ ചെയ്യണം. ഓരോ ജില്ലയിലും കളിയുടെ കുതിപ്പിന് ഉതകുന്ന രീതിയില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ കെ.എഫ്.എ പച്ചക്കൊടി കാട്ടിയതോടെ മലപ്പുറത്തിനു പിന്നാലെ പ്രീമിയര്‍ ലീഗിന് കളമൊരുക്കുന്ന രണ്ടാമത്തെ ജില്ലയാണ് വയനാട്. ഫുട്ബാള്‍ സംഘാടകര്‍, കളിക്കമ്പക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലാണ് പ്രധാന സംഘാടകര്‍. 20 ദിവസം നീളുന്ന ടൂര്‍ണമെന്‍റില്‍ ദിനേന രണ്ടു മത്സരങ്ങളുണ്ടാകും. ഓഫ്സൈഡ് നിയമം ഇല്ലാതെയാകും മത്സരങ്ങള്‍. ടൂര്‍ണമെന്‍റിലെ വിജയികള്‍ക്ക് വന്‍തുകയാണ് സമ്മാനമായി നല്‍കുന്നത്. കെ.എഫ്.എ സെന്‍ട്രല്‍ കമ്മിറ്റി അംഗം ഫൈസല്‍ അരപ്പറ്റ, ഡി.എഫ്.എ അംഗം മുണ്ടോളി പോക്കു, സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കല്ലങ്കോടന്‍ അബ്ദുല്ല, സെക്രട്ടറി പി. കബീര്‍, എന്‍. മുസ്തഫ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.