കുടുംബശ്രീ ‘ദിശ’ കാമ്പയിന്‍: ഒന്നേകാല്‍ ലക്ഷം പേര്‍ പങ്കാളികളായി

കല്‍പറ്റ: കുടുംബശ്രീ ദിശ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നേകാല്‍ ലക്ഷത്തോളം സ്ത്രീകള്‍ പങ്കാളികളായി. 9,290 അയല്‍ക്കൂട്ടങ്ങളില്‍ കാമ്പയിന്‍െറ ഭാഗമായി പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ അഞ്ചു വരെ ഒരു അയല്‍ക്കൂട്ട അംഗത്തിന്‍െറ വീട്ടില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്വയം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും തുടര്‍ന്ന് കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുകയുമാണ് ചെയ്തത്. ഓരോ അയല്‍ക്കൂട്ടവും ജില്ല മിഷന്‍ നല്‍കിയ വിവരശേഖരണ ഫോറത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുകയും ആയതിന്‍െറ അടിസ്ഥാനത്തില്‍ സ്വയം മാര്‍ക്കിട്ട് വിലയിരുത്തുകയുമാണ് പ്രധാന പ്രവര്‍ത്തനം. ഈ ഫോറം എ.ഡി.എസ് തലത്തില്‍ ശേഖരിച്ച് സി.ഡി.എസിന് കൈമാറുകയും ഡാറ്റ എന്‍ട്രി നടത്തി ഓണ്‍ ലൈനില്‍ അപ്ഡേറ്റ് ചെയ്യും. പരമാവധി സ്ത്രീകളെ പ്രത്യേകിച്ച് യുവതികളെ കുടുംബശ്രീ അംഗങ്ങളാക്കുക, വയോജനങ്ങളും ഭിന്നശേഷിക്കാരും അംഗങ്ങളായ പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിക്കുക തുടങ്ങിയവയും കാമ്പയിന്‍െറ ലക്ഷ്യമാണ്. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ രണ്ടു ലക്ഷം പേര്‍ കുടുംബശ്രീ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രത്യേക ചര്‍ച്ച നടത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ജില്ലതലത്തില്‍ ക്രോഡീകരിച്ച് പ്രത്യേക റിപ്പോര്‍ട്ടാക്കും. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കതിര്‍, സംഗമം അയല്‍ക്കൂട്ടങ്ങള്‍ സംയുക്തമായി നടത്തിയ പ്രത്യേക യോഗത്തില്‍ ഒ.ആര്‍. കേളു എം.എല്‍.എ വിശിഷ്ടാതിഥിയായി. പനമരം ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് വിനയ അയല്‍ക്കൂട്ട അംഗം കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.