ബൈക്ക് കവരുന്ന കുട്ടിസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

വെള്ളമുണ്ട: ബൈക്ക് കവര്‍ന്ന് സവാരി നടത്തി ഉപേക്ഷിക്കുന്ന കുട്ടിസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വെള്ളമുണ്ടയിലാണ് സംഭവം. വെള്ളമുണ്ട കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരന്‍െറ ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വിദ്യാര്‍ഥികള്‍ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ ജീവനക്കാരന്‍ ബൈക്ക് നിര്‍ത്തിയിട്ട് ജോലിക്ക് പോവുകയും വൈകീട്ട് തിരിച്ചുവന്നപ്പോള്‍ ബൈക്ക് മോഷണം പോയതായി അറിയുകയുമായിരുന്നു. ഇതേതുടര്‍ന്ന് വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് നഷ്ടപ്പെട്ട സ്ഥലത്തുനിന്ന് കുറച്ചു മാറി റോഡരികില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശവാസികളോട് അന്വേഷിച്ചപ്പോള്‍ രണ്ടു വിദ്യാര്‍ഥികള്‍ രാവിലെ മുതല്‍ ഈ ബൈക്കുമായി കറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ അന്വേഷണത്തിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. പ്ളഗ് ഊരിയ ശേഷം സ്റ്റാര്‍ട്ടാക്കി ബൈക്കുമായി പോവുകയാണ് പതിവ്. ഈ പരിപാടി കുറെ കാലങ്ങളായി ആവര്‍ത്തിച്ചുവരുന്നതായി പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.