വീട്ടിലെ ചക്ക വിദ്യാലയത്തില്‍ കൊണ്ടുവരൂ; പകരം തേങ്ങ കൊണ്ടുപോകാം

സുല്‍ത്താന്‍ ബത്തേരി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി സെന്‍റ് മേരീസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വിദ്യാലയത്തില്‍ കൈമാറ്റ ചന്ത സംഘടിപ്പിച്ചു. വീട്ടില്‍ അധികമായുള്ള സാധനങ്ങള്‍ വിദ്യാലയത്തില്‍ ഒരുക്കിയ ചന്തയിലത്തെിച്ച് പകരം ആവശ്യമായ സാധനങ്ങള്‍ വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് കൊണ്ടുപോയി. പരസ്പര സഹായം, സഹകരണ മനോഭാവം, ഉല്‍പാദനശീലം എന്നീ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ചന്തയുടെ ലക്ഷ്യം. വളര്‍ത്തുമത്സ്യങ്ങള്‍, പശുവിന്‍ നെയ്യ്, കാച്ചില്‍, കപ്പ, ചേമ്പ്, വെളിച്ചെണ്ണ, കരിമ്പ്, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, അരി തുടങ്ങി നൂറുകണക്കിന് വിഭവങ്ങള്‍കൊണ്ട് വിപണി സമൃദ്ധമായി. പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ കെ.ജി. ജോസ് കൊണ്ട് വന്ന പശുവിന്‍ നെയ്യ് പി.ടി.എ പ്രസിഡന്‍റ് കെ.ടി. ജോണി കൊണ്ടുവന്ന ഇടിച്ചക്കയുമായി കൈമാറി നിര്‍വഹിച്ചു. നാഷനല്‍ സര്‍വിസ് പ്രോഗ്രാം ഓഫിസര്‍ സി.വി. സ്മിത, ബേസില്‍ ജോസഫ്, ശ്രീലക്ഷ്മി, ആഷിക്, ദൃശ്യ, അശ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.