പാരമ്പര്യ വിത്തിനങ്ങള്‍ക്ക് ജൈവബ്രാന്‍ഡിങ്

കല്‍പറ്റ: വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുള്ള പാരമ്പര്യ വയനാടന്‍ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിച്ച് ഈ നെല്ല് അധികവിലക്ക് സംഭരിച്ച് ജൈവബ്രാന്‍ഡിങ്ങോടെ വില്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഹരിതകേരളം മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം.പി. വത്സമ്മ അറിയിച്ചു. പി.എം.കെ.എസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചെറുകിട ജലസേചന സംരംഭങ്ങള്‍ ഉപയോഗപ്പെടുത്തി നെല്‍കൃഷിക്കുവേണ്ട അടിസ്ഥാനസൗകര്യം ലഭ്യമാക്കും. ജൈവകൃഷി സംബന്ധിച്ച് വ്യാപക പ്രചാരണം നടത്തുന്നതിന് വാര്‍ഡുതലത്തില്‍ രൂപവത്കരിച്ച ജൈവകൃഷി സ്വയംസഹായ സംഘങ്ങള്‍ക്ക് ജൈവ വളക്കൂട്ടുകള്‍, ജീവാണുവളങ്ങള്‍, ജൈവകീടരോഗ നിയന്ത്രണോപാധികള്‍ തുടങ്ങിയവയുടെ നിര്‍മാണം, ജൈവോല്‍പന്നങ്ങളുടെ നിര്‍മാണം, മാര്‍ക്കറ്റിങ്, സംയോജിത കൃഷിരീതികള്‍, ജൈവ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കും. സ്വയം സഹായ സംഘങ്ങള്‍ നിര്‍മിക്കുന്ന ജൈവകൃഷിക്കുള്ള വിവിധ ഉല്‍പാദനോപാധികള്‍ ഇക്കോ ഷോപ്പുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൈവ വളക്കൂട്ടുകളുണ്ടാക്കാനാവശ്യമായ ചാണകം, ഗോമൂത്രം എന്നിവ വാര്‍ഡില്‍തന്നെയുള്ള ക്ഷീരകര്‍ഷകരില്‍നിന്ന് ശേഖരിക്കും. സ്വയംസഹായസംഘങ്ങളെ മറ്റു കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദേശം നല്‍കുന്നതിന് ഉപയോഗപ്പെടുത്തുകയും ചെയ്യും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യപരിപാലനം, മണ്ണുസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്കുവേണ്ട സഹായം ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൈവകൃഷിയിലേക്കുള്ള പരിവര്‍ത്തനകാലത്തെ കര്‍ഷകന്‍െറ നഷ്ടം നികത്തുന്നതിന് പഞ്ചായത്തുതലത്തില്‍ പദ്ധതി ആവിഷ്കരിക്കും. ജൈവോല്‍പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന് കൃഷിഭവന്‍ തലത്തില്‍ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം ഗവ. തലത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് ഫാം ഫ്രഷ് പച്ചക്കറികളുടെ വിപണനം, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ഇക്കോഷോപ്പുകള്‍ തുടങ്ങിയവയിലൂടെ ജൈവബ്രാന്‍ഡിങ്ങോടെയുള്ള വിപണനം, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ ഏജന്‍സികള്‍ വഴിയുള്ള വിപണനം എന്നിവ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു. തൊഴിലുറപ്പ് പദ്ധതികളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുളങ്ങള്‍ നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും മഴവെള്ളസംഭരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കും. കൊന്ന പോലുള്ള പച്ചിലവള വൃക്ഷങ്ങളും നാടന്‍ ഫലവൃക്ഷങ്ങളും ഓഫ് സീസണ്‍ വിപണിയില്‍ മികച്ച സ്വീകാര്യതയുള്ള ലിച്ചി പോലുള്ള ഫലവൃക്ഷത്തൈകളും പൊതുജനപങ്കാളിത്തത്തോടെ കൃഷിയിടങ്ങളില്‍ വ്യാപിപ്പിക്കും. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ്. ഉണ്ണികൃഷ്ണന്‍, അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. മണികണ്ഠന്‍ എന്നിവരാണ് റിപ്പോര്‍ട്ട് സംബന്ധിച്ച് പഠനവും അഭിപ്രായ ക്രോഡീകരണവും നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.