കേണിച്ചിറ: രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് പേരുകേട്ട പൂതാടി പഞ്ചായത്തില്‍ ഇടവേളക്കുശേഷം രാഷ്ട്രീയ രംഗം വീണ്ടും ചൂടുപിടിച്ചു. എല്‍.ഡി.എഫ് ഭരണത്തിനെതിരെ യു.ഡി.എഫാണ് ഇപ്പോള്‍ രംഗത്തുവന്നത്. ഇതോടെ, പഞ്ചായത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പഞ്ചായത്തില്‍ ഭരണ സ്തംഭനമുണ്ടെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ യു.ഡി.എഫ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. അവിശ്വാസം കൊണ്ടുവരുമെന്ന് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. നോട്ടീസ് കൊടുക്കാനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. 22 അംഗ പഞ്ചായത്തില്‍ ഭരണകക്ഷിയായ എല്‍.ഡി.എഫിന് 10 അംഗങ്ങളാണുള്ളത്. യു.ഡി.എഫ്-എട്ട്, ബി.ജെ.പി-നാല് എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷ അംഗങ്ങള്‍ ചേരുമ്പോള്‍ ഭരണ കക്ഷിയേക്കാളും കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകുമെന്നതാണ് ഇവിടത്തെ പ്രത്യേകത. ഇടതിന് തലവേദനയാകുന്നതും ഇതുതന്നെ. ഇടതിനെ താഴെയിറക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ധാരണയിലത്തെുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഇടതിന് അധികാരം നഷ്ടപ്പെടുമെന്നുറപ്പാണ്. എന്നാല്‍, ഇതുവരെ യു.ഡി.എഫും ബി.ജെ.പിയുമായി ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ബി.ജെ.പിയുടെ വോട്ടു നേടി അധികാരത്തിലേറുന്ന പ്രശ്നമില്ളെന്ന് പറഞ്ഞ യു.ഡി.എഫ് ഇപ്പോള്‍ നിലപാട് അല്‍പം മയപ്പെടുത്തിയിട്ടുണ്ട്. അവിശ്വാസത്തില്‍ ബി.ജെ.പി, തങ്ങള്‍ക്കനുകൂലമായി വോട്ടു ചെയ്താല്‍ എന്തു ചെയ്യാന്‍ പറ്റുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. അതേസമയം, യു.ഡി.എഫുമായി കൂട്ടുകൂടുന്ന പ്രശ്നമില്ളെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തില്‍ ഭരണ സ്തംഭനമുണ്ടെന്ന് പറയുന്ന അവര്‍ സമരം നടത്താനുള്ള ഒരുക്കത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.